യുകെയിൽ മലയാളി ദമ്പതികളുടെ മകൾ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. ലിങ്കൺഷെയറിലെ പീറ്റർബറോയ്ക്ക് സമീപം സ്പാൾഡിങിൽ താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകളായ അഥീനയാണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയായിരുന്നു 10 മാസം മാത്രം പ്രായമുള്ള അഥീന.
പനിയും ശ്വാസതടസവും മൂലമാണ് ആദ്യം പീറ്റർബറോ എൻഎച്ച്എസ് ആശുപത്രിയിൽ ജിപി റഫറൻസിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ആശുപത്രിയിൽ രണ്ട് ദിവസം മുൻപ് പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരവേയാണ് കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെ അഥീന മരിച്ചത്.