ലണ്ടനിലെ മൂന്ന് എന്‍എച്ച്എസ് ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി സൈബര്‍ അക്രമണം. പണം ആവശ്യപ്പെട്ടുള്ള റാന്‍സംവെയര്‍ എത്തിയത് റഷ്യയില്‍ നിന്നുമാണെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സൈബര്‍ അക്രമണം നടന്നതോടെ ഓപ്പറേഷനുകള്‍ തടസ്സപ്പെട്ടതിന് പുറമെ ബ്ലഡ് ടെസ്റ്റ്, ട്രാന്‍സ്ഫ്യൂഷന്‍ എന്നിവയിലും ഗുരുതര തടസ്സങ്ങള്‍ നേരിട്ടു. സംഭവം നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ അന്വേഷിച്ച് വരികയാണ്. കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍, ഗൈസ്, സെന്റ് തോമസ് ഹോസ്പിറ്റലുകളില്‍ സുപ്രധാന പ്രതിസന്ധി രൂപപ്പെട്ടതായാണ് വിവരം.
റഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് അക്രമത്തിന് പിന്നിലെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ അക്രമണങ്ങള്‍ ആഴ്ചകള്‍ നീളാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധ മുന്നറിയിപ്പ്. ആറ് ലണ്ടന്‍ ബറോകളിലെ ജിപി സര്‍ജറികളിലും സമാനമായ അക്രമം നേരിട്ടതായാണ് വിവരം.
ജീവന്‍രക്ഷാ സര്‍ജറികള്‍ റദ്ദാക്കേണ്ടി വന്നതിന് പുറമെ ആറ് ലണ്ടന്‍ ബറോകളിലെ ജിപി സര്‍ജറികളിലും പ്രതിസന്ധി സൃഷ്ടിച്ചത് ആശങ്കയായി. ബെക്സ്ലി, ഗ്രീന്‍വിച്ച്, ല്യൂഷാം, ബ്രോംലി, സൗത്ത്‌വാര്‍ക്ക്, ലാംബെത്ത് എന്നിങ്ങനെ ചുരുങ്ങിയത് 1.8 മില്ല്യണ്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ജിപി സര്‍ജറികളിലാണ് പ്രതിസന്ധി രൂപപ്പെട്ടത്.
എന്‍എച്ച്എസ് പതോളജി ലാബുകള്‍ക്ക് സേവനം നല്‍കുന്ന ഐടി സിസ്റ്റം സിനോവിസാണ് അക്രമത്തിന്റെ ലക്ഷ്യമെന്നാണ് വ്യക്തമാകുന്നത്. ഇതോടെ പതോളജി ഫലങ്ങള്‍ ലഭ്യമാകാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്.