അമേരിക്കൻ പ്രസിഡൻ്റ് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു.ലോകമെമ്പാടും ജനതയ്ക്ക് വിശ്വാസത്തിൻ്റെയും പ്രതീക്ഷയുടെയും സ്നേഹത്തിൻ്റെയും വെളിച്ചമാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ജനുവരി 20 ന് തൻ്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ജോ ബൈഡൻ മാർപാപ്പയ്ക്ക് അംഗീകാരം നൽകിയത്.
പ്രസിഡൻ്റ് ബൈഡൻ ശനിയാഴ്ച റോമിൽ എത്തി ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരിട്ട് മെഡൽ സമർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ കാലിഫോർണിയയിൽ ഉണ്ടായ കാട്ടുതീയുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് യാത്രാ പദ്ധതികൾ അദ്ദേഹം റദ്ദാക്കി. തുടർന്ന് മാർപപ്പയെ ഫോണിൽ നേരിട്ട് ബന്ധപ്പെട്ട് ബഹുമതി സമ്മാനിക്കുന്നതായി അറിയിക്കുകയായിരുന്നു. പ്രസിഡൻ്റ് ബൈഡൻ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കത്തോലിക്കാ സഭയുടെ നേതാവിനെ ”ജനകീയ പോപ്പ്” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മാർപാപ്പയുടെ എളിമ വാക്കുകൾക്ക് അതീതമാണ്, എല്ലാവരോടുമുള്ള നിങ്ങളുടെ സ്നേഹം സമാനതകളില്ലാത്തതാണെന്ന് ബിഡൻ എക്‌സിൽ പറഞ്ഞു.
പ്രസിഡൻ്റ് ബൈഡൻ മാർപ്പാപ്പയോട് സംസാരിക്കുകയും അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി സമ്മാനിക്കുകയും ചെയ്തതായി വൈറ്റ് ഹൗസിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ അറിയിച്ചു. ലോകത്തിന്റെ അഭിവൃദ്ധി, സുരക്ഷ, ലോക സമാധാനം എന്നിവയ്ക്ക് പോപ്പിന്റെ ശ്രമങ്ങൾ മാതൃകാപരമാണെന്ന് പ്രസ്താവനയിൽ പറയുന്നു. തെക്കൻ അർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പോപ്പ്, ഫ്രാൻസിസ് മാർപാപ്പ മുമ്പ് വന്നവരിൽ നിന്ന് വ്യത്യസ്തനാണ്. എല്ലാറ്റിനുമുപരിയായി, അദ്ദേഹം ജനങ്ങളുടെ മാർപ്പാപ്പയാണ് – വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും സ്നേഹത്തിൻ്റെയും വെളിച്ചം ലോകമെമ്പാടും അദ്ദേഹം പകരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.