യുകെയിൽ നിന്നുള്ള 250 മലയാളികളുടെ യാത്ര എയർ ഇന്ത്യ മുടക്കി – Air India flight cancelled without notice affects 250 Uk Malayalees
ലണ്ടന്‍: എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതു കാരണം 250 മലയാളികളുടെ യുകെയിൽ നിന്നു കേരളത്തിലേക്കുള്ള യാത്ര മുടങ്ങി. യുകെയിലെ ഗാറ്റ്‌വിക് എയര്‍പോര്‍ട്ടിൽ നിന്നു പുറപ്പെടേണ്ട വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.
പഞ്ചാബിലെ അമൃത്‌സറില്‍ നിന്നു പുറപ്പെട്ട് വൈകിട്ട് ആറുമണിയോടെ ഗാറ്റ്‌വിക്കിലെത്തി, രാത്രി എട്ടരയോടെ കൊച്ചിക്ക് പുറപ്പെടേണ്ട വിമാനത്തിൽ ടിക്കറ്റെടുത്തവരാണ് കുടുങ്ങിയത്. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്ന കാര്യത്തിൽ പോലും എയർ ഇന്ത്യ വ്യക്തത വരുത്തിയിട്ടില്ല.
ഈസ്റ്റർ സീസൺ കാരണം പതിവുള്ളതിന്‍റെ പതിൻമടങ്ങ് വില കൊടുത്ത് ടിക്കറ്റെടുത്തവർക്കാണ് ഈ ദുരിതം. യാത്രയ്ക്കൊരുങ്ങി ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ കാണാനായത് അടഞ്ഞുകിടക്കുന്ന കൗണ്ടറുകൾ മാത്രം. Air India ഉദ്യോഗസ്ഥർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. യാത്രക്കാർ എയർപോർട്ടിൽ പ്രതിഷേധിക്കുകയും സമൂഹ മാധ്യമങ്ങളിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
പിതാവിന്‍റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവരും, സഹോദര കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവരും, വീട്ടുകാരുമൊത്ത് ശബരിമല യാത്രക്ക് ഒരുങ്ങിയവരുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. വിമാനം പുറപ്പെടേണ്ട സമയത്തിനു രണ്ടു മണിക്കൂർ മുൻപ് മാത്രമാണ് റദ്ദാക്കൽ വിവരം സ്ഥിരീകരിക്കുന്നത്. അത് അറിയിച്ചതാകട്ടെ, ഗാറ്റ്‌വിക് എയർപോർട്ട് അധികൃതരും.
പ്രതിഷേധിച്ച യാത്രക്കാരോട്, വിമാനം തകരാറിലാണെന്നും തങ്ങൾക്ക് കൂടുതലൊന്നും അറിയില്ലെന്നും കൂടുതൽ വിവരങ്ങൾ Air India അധികൃതരോടു നേരിട്ടു ചോദിക്കണമെന്നുമുള്ള മറുപടിയാണ് വിമാനത്താവള അധികൃതർ നൽകിയത്.