ഡബ്ലിൻ: അയർലൻഡിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫിനഫാളിന്റെ സ്ഥാനാർത്ഥിയും മുൻ ജി.എ.എ. മാനേജരുമായ ജിം ഗാവിൻ മത്സരത്തിൽ നിന്ന് പിന്മാറി. തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പിന്മാറ്റം അപ്രതീക്ഷിതമായ ട്വിസ്റ്റാണ് സൃഷ്ടിച്ചത്. ഒരു ദശാബ്ദം മുമ്പ് ഒരാളിൽ നിന്ന് വാടകയിനത്തിൽ തെറ്റായി കൈപ്പറ്റിയ 3,300 യൂറോ തിരികെ നൽകിയില്ലെന്ന ആരോപണമാണ് ഈ തീരുമാനത്തിന് പിന്നിൽ. പാർട്ടി തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
ഈ വിഷയത്തെക്കുറിച്ചുള്ള പത്രവാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, ‘ദി വീക്ക് ഇൻ പൊളിറ്റിക്സ്’ സംവാദത്തിൽ ഇത് വിവാദമായി മാറിയിരുന്നു. ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഗാവിന് കഴിയാതെ പോയതോടെയാണ് സ്ഥാനാർഥിത്വം വേണ്ടെന്ന് വെയ്ക്കാൻ അദ്ദേഹം തീരുമാനിച്ചത്.
ജിം ഗാവിന്റെ വിശദീകരണവും ഖേദപ്രകടനവും
“എന്റെ സ്വഭാവത്തിനും മാനദണ്ഡങ്ങൾക്കും അനുസൃതമല്ലാത്ത ഒരു തെറ്റ് ഞാൻ ചെയ്തു. അത് പരിഹരിക്കുകയാണ്. എല്ലാ വശങ്ങളും പരിഗണിച്ച് കുടുംബത്തിലേക്കും സുഹൃത്തുക്കളിലേക്കും മടങ്ങുകയാണ്. മത്സരത്തിനില്ല,” ജിം ഗാവിൻ പ്രസ്താവനയിൽ വിശദീകരിച്ചു.
ഡബ്ലിനിലെ ഇന്നർ സിറ്റിയിൽ ഗാവിനും ഭാര്യക്കുമുണ്ടായിരുന്ന അപ്പാർട്ട്‌മെന്റുകൾ പലർക്കും വാടകയ്ക്ക് നൽകിയിരുന്നു. 2007-നും 2009-നും ഇടയിൽ അവിടെ താമസിച്ച ഒരു ദമ്പതികൾക്ക്, അവർ താമസം മാറിയപ്പോൾ വാടക ഇനത്തിൽ കൂടുതലായി നൽകിയ പണം തിരികെ നൽകിയിരുന്നില്ല എന്നതാണ് ആരോപണം. അന്നത്തെ സ്റ്റാൻഡിങ് ഓർഡർ അനുസരിച്ച് വിവിധ മാസങ്ങളിലെ വാടകയാണ് ദമ്പതികൾ അധികമായി നൽകിയത്. പണം തിരികെ ആവശ്യപ്പെട്ട് പലതവണ ദമ്പതികൾ ഗാവിനെ ബന്ധപ്പെട്ടെങ്കിലും, തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തതല്ലാതെ പണം നൽകിയില്ല.
സംവാദത്തിനിടെ ഉയർന്ന ഈ ആരോപണം ഗാവിൻ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ “അത് പരിശോധിക്കാമെന്ന്” മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സരത്തിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്. “16 വർഷങ്ങൾക്ക് മുമ്പ്, വലിയ സാമ്പത്തിക പ്രതിസന്ധിയുടെ കാലമായിരുന്നു അത്. ഈ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. അത് അടിയന്തിരമായി കൈകാര്യം ചെയ്യും. തിരുത്താൻ അവസരം ലഭിച്ചു. അങ്ങനെ സംഭവിച്ചതിൽ എനിക്ക് വളരെ ഖേദമുണ്ട്. തന്റെ പ്രചാരണത്തിലുടനീളം ലഭിച്ച പ്രോത്സാഹനത്തിനും നല്ല വാക്കുകൾക്കും എല്ലാവരോടും നന്ദി പറയുന്നു,” ഗാവിൻ കൂട്ടിച്ചേർത്തു.
ഫിനഫാൾ ലീഡറുടെ പ്രതികരണം
ഗാവിന്റെ തീരുമാനം ശരിയായതാണെന്ന് ഫിനഫാൾ ലീഡറും പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ അഭിപ്രായപ്പെട്ടു. “പ്രസിഡന്റ് പ്രചാരണത്തിൽ നിന്ന് പിന്മാറുന്ന കാര്യം ഗാവിൻ എന്നെ അറിയിച്ചിരുന്നു. അദ്ദേഹത്തെ പൂർണ്ണമായി മനസ്സിലാക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്നതും പൊതുസേവനത്തിന്റെ ഉന്നത പദവിയുമാണ് പ്രസിഡന്റ്ഷിപ്പ്. അതിലേക്ക് വിവാദം കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഗാവിൻ വളരെ ബുദ്ധിമുട്ടുള്ള ഈ തീരുമാനമെടുത്തത്. അയർലൻഡിനും പൊതുസമൂഹത്തിനും അദ്ദേഹം തുടർന്നും ഗണ്യമായ സംഭാവന നൽകുമെന്നതിൽ സംശയമില്ല,” മാർട്ടിൻ വ്യക്തമാക്കി.
അതിനിടെ, ഇന്നലെ പുറത്തുവന്ന ഏറ്റവും പുതിയ സൺഡേ ഇൻഡിപെൻഡന്റ്/അയർലൻഡ് തിങ്ക്സ് അഭിപ്രായ വോട്ടെടുപ്പിൽ കാതറിൻ കൊണോലി 32% റേറ്റിംഗോടെ മുന്നിലായിരുന്നു. ഹംഫ്രീസിന് 23%, ഗാവിന് 15% എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് മുൻപുള്ള മറ്റ് റേറ്റിംഗുകൾ.

