ലണ്ടൻ: യുകെയിൽ പെർമനന്റ് റെസിഡൻസി (പിആർ) ലഭിക്കുന്നതിനുള്ള കാലാവധി അഞ്ചിൽ നിന്ന് പത്ത് വർഷമായി ഉയർത്താനുള്ള സർക്കാർ നീക്കം ശക്തമാവുന്നു. ആവശ്യത്തിന് വോട്ടുകൾ ലഭിച്ച രണ്ട് നിവേദനങ്ങളെ അടിസ്ഥാനമാക്കി ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ചകൾ ഈ നീക്കത്തിന് സാധ്യത വർധിപ്പിക്കുന്നു. ആയിരക്കണക്കിന് മലയാളി പ്രൊഫഷണലുകളെ, പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരെ, നേരിട്ട് ബാധിക്കുന്ന വിഷയമാണിത്.
ഈ മാസം എട്ടിന് മൂന്ന് മണിക്കൂർ നീണ്ട പാർലമെൻ്റ് ചർച്ചയിൽ നിരവധി എംപിമാർ പങ്കെടുത്തു. സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ അവർ അവതരിപ്പിച്ചു. എൻഎച്ച്എസ് ജീവനക്കാരായ വിദേശ തൊഴിലാളികളുടെ സംഭാവനകളെക്കുറിച്ച് സംസാരിച്ച ആഷ്ഫോർഡിൽ നിന്നുള്ള മലയാളി എംപി സോജൻ ജോസഫ്, ഈ പുതിയ നയം നിരവധി കുടുംബങ്ങളിൽ ആശങ്ക സൃഷ്ടിച്ചതായി ചൂണ്ടിക്കാട്ടി.
പാർലമെൻ്റ് ചർച്ചയിൽ സർക്കാർ കടുത്ത നിലപാടാണ് സ്വീകരിച്ചത്. അനധികൃതവും അനിയന്ത്രിതവുമായ കുടിയേറ്റം നിയന്ത്രിക്കാൻ നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ, പുതിയ നിയമങ്ങൾ നിലവിൽ യുകെയിൽ താമസിക്കുന്നവർക്ക് ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകാൻ സർക്കാർ തയ്യാറായില്ല.
കോവിഡ് കാലത്ത് എൻഎച്ച്എസ് ജീവനക്കാരായി എത്തിയ വിദേശ തൊഴിലാളികളുടെ സംഭാവനകളെ അവഗണിക്കുന്നത് നന്ദികേടാണെന്ന് പല എംപിമാരും അഭിപ്രായപ്പെട്ടു. പിആർ ലഭിക്കുന്നതിനുള്ള അഞ്ചു വർഷം പൂർത്തിയാക്കാറായവരാണ് ഇവരിൽ പലരും. നിയമം മുൻകാല പ്രാബല്യത്തോടെയോ ഇപ്പോഴോ നടപ്പിലാക്കിയാൽ, അഞ്ചു വർഷത്തിന് പകരം പത്തു വർഷം വരെ കാത്തിരിക്കേണ്ടി വരും.
നിവേദനങ്ങളിൽ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് പൊതുജനാഭിപ്രായം തേടുന്ന പബ്ലിക് കൺസൾട്ടേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും പിആർ സംബന്ധിച്ച പുതിയ നിയമങ്ങൾ തീരുമാനിക്കുക. എന്നാൽ, ഇത്തരമൊരു പബ്ലിക് കൺസൾട്ടേഷൻ സാധാരണയല്ലാത്തതിനാൽ ഇത് ഗുണകരമായേക്കില്ല എന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. കൺസൾട്ടേഷനിലെ ചോദ്യങ്ങൾ പിആർ പ്രതീക്ഷിക്കുന്നവരുടെ ഭാവിയെ നിർണ്ണയിക്കും. പിആർ കാലാവധി അഞ്ചു വർഷം തുടരണമോ അതോ പത്ത് വർഷമായി വർധിപ്പിക്കണമോ എന്ന ചോദ്യം മാത്രമാണ് വരുന്നതെങ്കിൽ തദ്ദേശീയർ പത്തു വർഷമെന്ന സർക്കാർ വാദത്തെ പിന്തുണയ്ക്കാനാണ് സാധ്യത.
പ്രവാസി സംഘടനകളും പ്രാദേശിക അസോസിയേഷനുകളും ഒരുമിച്ച് നിന്ന് കൺസൾട്ടേഷനിൽ ശക്തമായ പ്രതികരണം നടത്തിയാൽ വിജയിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ഇത് എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിയും എന്നത് കണ്ടറിയണം. കാലാവധി പത്തു വർഷമായി വർധിച്ചാൽ അത് യുകെയിലെ മലയാളി സമൂഹത്തെ വലിയ രീതിയിൽ ബാധിക്കും. ആയിരക്കണക്കിന് മലയാളികൾ അഞ്ചു വർഷം കൊണ്ട് പിആർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുകെയിലെത്തിയത്. കാലാവധി വർധിക്കുന്നത് കുടുംബങ്ങളുടെ സ്ഥിരത, കുട്ടികളുടെ വിദ്യാഭ്യാസം, ഭാവി പദ്ധതികൾ എന്നിവയെ ആശങ്കയിലാഴ്ത്തും.
ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാവുന്നുണ്ടെന്ന് അഞ്ചു വർഷം പൂർത്തിയാക്കാറായ പലരും പറയുന്നു. ഈ പദ്ധതി നടപ്പാക്കിയാൽ യുകെയിൽ വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെടുമെന്നും ചൂഷണം വർധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെയും ഇത് ദോഷകരമായി ബാധിക്കുമെന്ന് വെസ്റ്റ്മിൻസ്റ്റർ ഹാൾ ഡിബേറ്റിൽ അവർ അഭിപ്രായപ്പെട്ടു. വിദഗ്ദ്ധ തൊഴിൽ വിസയിൽ എത്തിയവർക്ക് പിആർ ലഭിക്കുന്നതിനുള്ള ഐഎൽആർ അനുമതി അഞ്ചിൽ നിന്ന് പത്തായി ഉയർത്തുന്നതിനെതിരെയും, ഹോങ്കോങ്ങിൽ നിന്നുള്ള ബ്രിട്ടീഷ് ഓവർസീസ് പൗരന്മാരെ പുതിയ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് നിവേദനങ്ങളാണ് ഈ ചർച്ചക്ക് വഴിതെളിയിച്ചത്.
മലയാളി സമൂഹത്തെയും ബാധിക്കുന്ന ആദ്യ നിവേദനത്തിൽ 1,65,000-ലധികം ആളുകളും രണ്ടാമത്തേതിൽ 1,08,000-ത്തിലധികം ആളുകളും ഒപ്പിട്ടിരുന്നു. എന്നാൽ ഹോങ്കോങ്ങിലെ ഓവർസീസ് പൗരന്മാരുടെ നിവേദനത്തോട് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്.