റോം: ഇറ്റാലിയൻ പാസ്ത നിർമ്മാതാക്കൾക്ക് കനത്ത തിരിച്ചടിയായി, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള യു.എസ്. ഭരണകൂടം പുതിയ ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ചു. ഇറ്റലിയുടെ ഏറ്റവും മൂല്യമേറിയ കയറ്റുമതി ഉൽപ്പന്നങ്ങളിലൊന്നിന് ഭീഷണിയാകുന്ന ഈ നീക്കം, 2026 ജനുവരിയിൽ പ്രാബല്യത്തിൽ വന്നാൽ യു.എസിൽ പാസ്തയുടെ വില ഇരട്ടിയാക്കിയേക്കും.
അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രിയങ്കരമായ ബാരിള (Barilla), പാസ്ത റുംമോ (Pasta Rummo), ലാ മോളിസാന (La Molisana), ഗരാഫോലോ (Garofalo) ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾക്ക് 92 ശതമാനം വരെ അധിക തീരുവയാണ് യു.എസ്. ചുമത്താൻ ഒരുങ്ങുന്നത്. ഉൽപ്പന്നങ്ങൾ അന്യായമായ കുറഞ്ഞ വിലയിൽ (dumping) കയറ്റുമതി ചെയ്യുന്നു എന്ന യു.എസ്. വാണിജ്യ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഈ നീക്കം.
റംമോ പാസ്തയുടെ സ്ഥാപക കുടുംബാംഗമായ അൻ്റോണിയോ റുംമോ പ്രതികരിച്ചത്, നിലവിൽ 4 ഡോളറിന് വിൽക്കുന്ന ഒരു പായ്ക്കറ്റ് പാസ്തയുടെ വില തീരുവകൾ ഏർപ്പെടുത്തുന്നതോടെ രണ്ടിരട്ടിയായി വർധിക്കാൻ സാധ്യതയുണ്ടെന്നാണ്.
നയതന്ത്ര പ്രതീക്ഷകൾക്ക് മങ്ങലേറ്റു
യു.എസുമായുള്ള വ്യാപാര കരാറുകൾ പ്രകാരം പൊതു ഇറക്കുമതി തീരുവകൾ 15% ആയി കുറച്ചിട്ടും, ഇറ്റാലിയൻ ഉൽപ്പന്നങ്ങളെ വീണ്ടും ലക്ഷ്യമിടുന്നത് തിരിച്ചടിയായി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ട്രംപും തമ്മിലുള്ള അടുത്ത ബന്ധം കാരണം, പാസ്തയ്ക്ക് സംരക്ഷണം ലഭിക്കുമെന്ന് ഇറ്റലി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ പ്രതീക്ഷകൾ അസ്ഥാനത്തായി.
ഇറ്റാലിയൻ മാധ്യമങ്ങൾ ഈ നീക്കത്തെ “ട്രംപിന്റെ പാസ്ത യുദ്ധം” എന്നാണ് വിശേഷിപ്പിക്കുന്നത്. മരുന്ന് നിർമ്മാണ മേഖലയിലടക്കം യു.എസ്. ഉപയോഗിച്ചുവരുന്നതുപോലെ, ഇറ്റാലിയൻ കമ്പനികളെ ഉത്പാദനം അമേരിക്കയിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തുന്ന ‘അതിസംരക്ഷണവാദം’ (hyper-protectionist) ആണിതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിൻ്റെയും നിർമ്മാതാക്കളുടെയും പ്രതികരണം
ഉത്പാദനം വിദേശത്തേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് ലാ മോളിസാന, ഗരാഫോലോ തുടങ്ങിയ കമ്പനികൾ വ്യക്തമാക്കി. “ഞങ്ങൾ 1789 മുതൽ ഗ്രാഞ്ഞാനോയിൽ (Gragnano) ആണ് ഉത്പാദനം നടത്തുന്നത്, ഇവിടെ നിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ല,” ഗരാഫോലോയുടെ മാർക്കറ്റിംഗ് ഡയറക്ടർ എമിഡിയോ മാൻസി പറഞ്ഞു.
ഇറ്റാലിയൻ കൃഷിമന്ത്രി ഫ്രാൻസെസ്കോ ലൊല്ലോബ്രിഗിഡ ഈ തീരുവകളെ ‘അതിരൂക്ഷമായ സംരക്ഷണ നടപടി’ എന്ന് വിശേഷിപ്പിക്കുകയും, ഇത്രയും കടുത്ത നടപടികൾക്ക് ന്യായമായ കാരണങ്ങളില്ലെന്ന് പറയുകയും ചെയ്തു. 2024-ൽ 4 ബില്യൺ യൂറോയിലധികം (ഏകദേശം 41,000 കോടി രൂപ) പാസ്ത കയറ്റുമതി ചെയ്ത വ്യവസായത്തിന് ഇത് “മാരകമായ പ്രഹരം” ഏൽപ്പിക്കുമെന്ന് ഇറ്റലിയിലെ ഏറ്റവും വലിയ കാർഷിക അസോസിയേഷൻ പ്രസിഡൻ്റ് എറ്റോർ പ്രാണ്ടിനി മുന്നറിയിപ്പ് നൽകി.
നിലവിൽ യൂറോപ്യൻ കമ്മീഷനും ഇറ്റാലിയൻ സർക്കാരും നയതന്ത്രപരമായ സമ്മർദ്ദത്തിലൂടെ തീരുവകൾ ഒഴിവാക്കാൻ വാഷിംഗ്ടണിൽ ശ്രമങ്ങൾ തുടരുകയാണ്.

