അയർലണ്ടിലെ ഡബ്ലിനിൽ നടന്ന അക്രമാസക്തമായ കലാപം പൊട്ടിപ്പുറപ്പെട്ട് ഒരാഴ്ച തികയുന്നതിനുമുൻപ്, അയർലണ്ടിലേക്ക് പോകുന്ന പൗരന്മാർക്ക് നിരവധി രാജ്യങ്ങൾ യാത്രാ ഉപദേശങ്ങളും അപ്‌ഡേറ്റുകളും ഇതിനോടകം നൽകിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ ഇപ്പോൾ ഇതാ കാനഡയും അവരുടെ പൗരന്മാർക്ക് അയർലൻഡ് സന്ദർശനങ്ങൾക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്.
നവംബർ 23-ന് നഗരത്തിൽ കത്തി ആക്രമണത്തിൽ മൂന്ന് പിഞ്ചുകുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതാണ് കലാപത്തിന് കാരണമായത്. നഗരത്തിലുടനീളം ബസുകളും പോലീസ് കാറുകളും കത്തിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തപ്പോൾ റയോട്ട് പോലീസ് പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി.
30-ലധികം പേരെ അറസ്റ്റ് ഇതിനോടകം ചെയ്തിട്ടുണ്ട്. നഗരത്തിൽ ശാന്തത പുനഃസ്ഥാപിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും പോലീസ് ജാഗ്രത കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.
അയർലണ്ടിലേക്കുള്ള യാത്ര ഒഴിവാക്കാൻ കാനഡ ശുപാർശ ചെയ്യുന്നില്ലെങ്കിലും കഴിഞ്ഞയാഴ്ചത്തെ കലാപത്തിന് ശേഷം തങ്ങളുടെ പൗരന്മാർക്ക് പുതുക്കിയ ഉപദേശം നൽകിയിരിക്കുകയാണ്. ഡബ്ലിനിലെ പ്രതിഷേധങ്ങൾ ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശം പിന്തുടരാനും യാത്രക്കാരോട് നിർദേശിച്ചിരിക്കുകയാണ്.
പ്രകടനങ്ങളും വലിയ സമ്മേളനങ്ങളും നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും നടന്നുകൊണ്ടിരിക്കുന്ന പ്രകടനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കാനും ഡബ്ലിനിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് കാനഡ മുന്നറിയിപ്പ് നൽകുന്നു.
അയർലണ്ടിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യാത്രാ ഉപദേശങ്ങളും അപ്‌ഡേറ്റുകളും നൽകുന്ന നിരവധി രാജ്യങ്ങളിൽ ഒന്നാണ് കാനഡ. യുകെ ഗവൺമെന്റും ഓസ്‌ട്രേലിയയും സ്വന്തം ഉപദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഡബ്ലിനിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ പ്രകടനങ്ങളോ പ്രതിഷേധങ്ങളോ ഒഴിവാക്കണമെന്ന് അവരുടെ പൗരന്മാരോട് ഇതിനോടകം നിർദേശിച്ചിരുന്നു.
കഴിഞ്ഞ ആഴ്‌ചയിലെ കലാപത്തിന് ശേഷം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അതിന്റെ ഭാഗത്തുനിന്ന് ഒരു ഉപദേശമോ മുന്നറിയിപ്പോ നൽകിയിരുന്നില്ല. എന്നിരുന്നാലും, കാനഡ പറഞ്ഞതിന് സമാനമായ ഉപദേശം അമേരിക്കൻ പൗരന്മാർക്ക് ഡബ്ലിനിലെ യുഎസ് എംബസി നൽകി.