ഓഗസ്റ്റ് ഒന്നിലെ യൂറോ മില്യൺസ് അയർലൻഡ് ഓൺലി റാഫിൾ നറുക്കെടുപ്പിൽ ഒരു മില്യൺ യൂറോ സമ്മാനം നേടി സ്ലിഗോയിൽ നിന്നുള്ള അഞ്ചംഗ സംഘം. ഓൺലൈൻ ടിക്കറ്റിലൂടെയാണ് ഈ ഭാഗ്യശാലികളെ തേടി സമ്മാനമെത്തിയത്.
അവധി ആഘോഷിക്കുന്നതിനിടയിലാണ് തങ്ങളുടെ വിജയം സംഘം അറിയുന്നത്. “നറുക്കെടുപ്പിന് പിറ്റേദിവസം ഞാൻ ഇമെയിൽ പരിശോധിച്ചപ്പോൾ നാഷണൽ ലോട്ടറിയിൽ നിന്ന് ഒരു വലിയ തുക അടിച്ചതായി സന്ദേശം കണ്ടു,” സിൻഡിക്കേറ്റ് ലീഡ് പറഞ്ഞു. ആദ്യം 103 യൂറോയാണ് അടിച്ചതെന്ന് കരുതിയെന്നും പിന്നീട് അത് 5,000 യൂറോയുടെ റാഫിൾ സമ്മാനമായിരിക്കുമെന്ന് സംശയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഒരു മില്യൺ യൂറോയുടെ സമ്മാനമാണ് ലഭിച്ചതെന്ന് അറിഞ്ഞപ്പോൾ താൻ പൂർണമായും ഞെട്ടിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി.
“ബാങ്ക് ഹോളിഡേ വാരാന്ത്യമായിരുന്നതിനാൽ, വിജയം സ്ഥിരീകരിക്കാൻ ചൊവ്വാഴ്ച രാവിലെ വരെ കാത്തിരിക്കേണ്ടി വന്നു. ആ ആകാംഷ പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു,” സംഘത്തിലെ മറ്റൊരു അംഗം കൂട്ടിച്ചേർത്തു.
സമ്മാനത്തുക എങ്ങനെ ചിലവഴിക്കാനാണ് പദ്ധതിയെന്ന് ചോദിച്ചപ്പോൾ, സന്തോഷം നിറഞ്ഞ മറുപടിയാണ് അവർ നൽകിയത്. “ഞങ്ങൾ ഇതിനകം ഒരു അവധിക്കാലം ബുക്ക് ചെയ്തു,” ഒരാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞങ്ങൾ എപ്പോഴും സ്വപ്നം കണ്ടിരുന്ന ഒരു സ്ഥലമുണ്ട്, ഇനി അവിടെ യാതൊരു ചിലവും നോക്കാതെ പോകാം. ഞങ്ങൾ കാത്തിരിക്കുകയാണ്!” മറ്റൊരു അംഗം, തങ്ങളുടെ വിജയം ഭാവിയിൽ കോളേജ് ഫീസിനായി ഉപയോഗിക്കുമെന്ന് പറഞ്ഞു. ഈ സമ്മാനം തങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.