ഡബ്ലിൻ – ഫിന ഫാൾ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിൻ നാടകീയമായി പിന്മാറിയത്, പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ മിച്ചൽ മാർട്ടിനെ കടുത്ത വിമർശനങ്ങളുടെ നിഴലിലാക്കി.
വാടകക്കാരനെ കബളിപ്പിച്ച് 3,300 യൂറോ കൈപ്പറ്റിയെന്ന ആരോപണത്തെത്തുടർന്നാണ് ഗാവിൻ ഞായറാഴ്ച രാത്രി വൈകി മത്സരത്തിൽ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചത്. എന്നാൽ, പിന്മാറാനുള്ള നിശ്ചിത സമയപരിധി (സെപ്റ്റംബർ 24) കഴിഞ്ഞാണ് പ്രഖ്യാപനം വന്നത് എന്നതിനാൽ, ജിം ഗാവിൻ ബാലറ്റ് പേപ്പറിൽ തുടരും എന്ന് പ്രസിഡന്റ് റിട്ടേണിംഗ് ഓഫീസർ സ്ഥിരീകരിച്ചു. ഗാവിനുള്ള വോട്ടുകൾ സാധാരണപോലെ എണ്ണും.
ഗാവിനെ ബാലറ്റിൽ നിന്ന് ഒഴിവാക്കാനാവുമോ എന്ന നിയമപരമായ വശം ചർച്ച ചെയ്യാൻ റിട്ടേണിംഗ് ഓഫീസർ അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് സ്ഥാനാർത്ഥികളായ കാതറിൻ കോണോളി, ഹീതർ ഹംഫ്രീസ്, ജിം ഗാവിൻ എന്നിവരെ ബാലറ്റിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.
മാർട്ടിൻ നേതൃത്വത്തിനെതിരെ വിമർശനം
സാമ്പത്തിക വിവാദത്തിൽപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കിയതിൽ മാർട്ടിന്റെ നേതൃത്വത്തിനെതിരെ പാർലമെന്ററി പാർട്ടിയിൽ കടുത്ത വിമർശനമുയർന്നു. പാർട്ടിയുടെ പ്രതിച്ഛായ തകർത്ത ഈ ‘കനത്ത വീഴ്ച’ വരും ദിവസങ്ങളിൽ കലാപത്തിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വാടകപ്രശ്‌നം താൻ അറിഞ്ഞിരുന്നില്ല എന്ന മാർട്ടിന്റെ വിശദീകരണം പൊളിഞ്ഞു. പരാതിക്കാരിയായ നിയാം മക്ഡൊണാൾഡ്, വിഷയം ഫിന ഫാളിന്റെ ഉന്നത നേതാക്കളെ മുമ്പ് അറിയിച്ചിരുന്നുവെന്ന് പരസ്യമായി വെളിപ്പെടുത്തി. എന്നിട്ടും പ്രശ്‌നം പരിഹരിക്കാനോ തന്നോട് വിശദീകരണം തേടാനോ ആരും തയ്യാറായില്ലെന്നും അവർ ആരോപിച്ചിരുന്നു.
മറ്റാരും സ്ഥാനാർത്ഥിത്വത്തിനായി മുന്നോട്ട് വന്നില്ലെന്ന മാർട്ടിന്റെ വാദം പാർട്ടി അംഗങ്ങൾ തള്ളി. മുൻ പ്രധാനമന്ത്രി ബെർട്ടി അഹേർൺ, മുൻ മന്ത്രി മേരി ഹനാഫിൻ, എംഇപി കെല്ലഹർ തുടങ്ങിയവരെ ഒഴിവാക്കിയാണ് മാർട്ടിൻ ഗാവിനിലെത്തിയത്. മതിയായ ജാഗ്രതയും പരിശോധനയും എന്തുകൊണ്ട് ഉണ്ടായില്ല എന്ന ചോദ്യമാണ് യോഗത്തിൽ പ്രധാനമായും ഉയർന്നത്.
പാർലമെന്ററി യോഗത്തിൽ വളരെ വികാരാധീനനായി പ്രതികരിച്ച മാർട്ടിൻ, പാർട്ടിയോടുള്ള തന്റെ ആജീവനാന്ത പ്രതിബദ്ധതയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ക്ഷമാപണം നടത്തിയെങ്കിലും, ജിം ഗാവിൻ വിഷയം പാർട്ടിയിൽ നേതൃമാറ്റത്തിനായുള്ള വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. അവധിയിലായിരുന്നതിനാൽ ഗാവിനുമായി സംസാരിക്കാനായില്ലെന്നും, ഗാവിനോട് സഹതാപമുണ്ടെന്നും മാർട്ടിൻ പറഞ്ഞു. വാടക പ്രശ്നം അറിഞ്ഞപ്പോൾ സംസാരിച്ചെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയായിരുന്നുവെന്നും മാർട്ടിൻ കൂട്ടിച്ചേർത്തു.

