ലെറ്റർകെന്നി, കോ. ഡോനെഗൽ — ഈ വാരാന്ത്യത്തിൽ വടക്ക്-പടിഞ്ഞാറൻ ഇന്ത്യൻ സമൂഹം ദുർഗ്ഗാ പൂജ ആഘോഷിക്കാൻ ഒരുങ്ങുന്നു. “നോർത്ത് വെസ്റ്റ് ദുർഗോത്സവ് 2025” എന്ന പേരിൽ ലെറ്റർകെന്നിയിലെ കില്ലിക്ലഗിലുള്ള Cill an Oir-ൽ വെച്ച് നടക്കുന്ന ഈ ഉത്സവം ബംഗാളി സമൂഹത്തിനും മറ്റ് ഇന്ത്യൻ പ്രവാസി സമൂഹത്തിനും ഏറെ പ്രാധാന്യമുള്ളതാണ്. പരമ്പരാഗതമായ ചടങ്ങുകളും സാംസ്കാരിക പരിപാടികളും ഉൾപ്പെടുത്തി, സെപ്റ്റംബർ 27-നും 28-നും നടക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ ആളുകൾക്കും സ്വാഗതം.

ദുർഗ്ഗാ ദേവിയുടെ മഹിഷാസുരനു മേലുള്ള വിജയത്തെ ആഘോഷിക്കുന്ന ഒരു പ്രധാന ഹൈന്ദവ ഉത്സവമാണ് ദുർഗ്ഗാ പൂജ. നന്മതിന്മകൾക്കുമേൽ വിജയം നേടിയതിന്റെ പ്രതീകമായ ഈ ഉത്സവം, ദേവി തന്റെ മക്കളോടൊപ്പം ഭൗമിക ഭവനം സന്ദർശിക്കുന്നതായും വിശ്വസിക്കപ്പെടുന്നു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ചടങ്ങുകളും വിപുലമായ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 27 ശനിയാഴ്ച, മഹാസപ്തമി, മഹാഅഷ്ടമി പൂജകളോടെ ആഘോഷങ്ങൾ ആരംഭിക്കും. തുടർന്ന് ഭക്തർക്ക് പുഷ്പാഞ്ജലി അർപ്പിക്കാനും ഭോഗ് പ്രസാദം സ്വീകരിക്കാനും അവസരമുണ്ടാകും. വൈകുന്നേരം വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.
സെപ്റ്റംബർ 28 ഞായറാഴ്ച, മഹാ നവമി, വിജയദശമി എന്നിവയുടെ ചടങ്ങുകളോടെ ഉത്സവം സമാപിക്കും. രാവിലെ മഹാ നവമി പൂജ നടക്കും. തുടർന്ന് ഊർജ്ജസ്വലവും സന്തോഷപ്രദവുമായ ദാശമി ബോറോൺ, സിന്ദൂർ ഖേല എന്നിവ അരങ്ങേറും. ‘സിന്ദൂർ ഗെയിം’ എന്നറിയപ്പെടുന്ന സിന്ദൂർ ഖേലയിൽ വിവാഹിതരായ സ്ത്രീകൾ പരസ്പരം സിന്ദൂരം അണിയിച്ച് ദീർഘ സുമംഗലി ഭവിക്കുവാനുള്ള ആശംസകൾ കൈമാറുന്നു. ദുർഗ്ഗാ പൂജയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന ധുനുചി നൃത്തം, വിജയദശമിയിലെ പ്രത്യേക ചടങ്ങുകളാണ്.
ലെറ്റർകെന്നി മെഡിക്‌സ്, ഗോമാർട്ട്, ലെറ്റർകെന്നി സ്‌പൈസ് ലാൻഡ്, കുമോൺ, ഗുപ്താസ് സ്വീറ്റ്‌സ് & സ്നാക്ക്‌സ്, പെപ്പർമിന്റ് ടേക്കവേ തുടങ്ങിയ പ്രാദേശിക സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സംഘാടകർ എല്ലാ ഭക്തരെയും അഭ്യുദയകാംഷികളെയും ഊഷ്മളമായി സ്വാഗതം ചെയ്തു. പ്രവേശനം സൗജന്യമാണ്, കൂടാതെ പ്രസാദവും വിതരണം ചെയ്യും.

