ഡ്രോഹെഡ: അയർലണ്ടിലെ ലൂത്ത് കൗണ്ടിയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥി കൈറാൻ ഡർണിനെ കണ്ടെത്താനായി പുതിയ അഭ്യർത്ഥനയുമായി ഗാർഡൈ. കൈറാനെ കാണാതായിട്ട് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് ഗാർഡൈ വീണ്ടും പൊതുജനങ്ങളുടെ സഹായം തേടുന്നത്.
കാണാതാകുമ്പോൾ ആറ് വയസ്സായിരുന്ന കൈരാന് ഇപ്പോൾ ഒമ്പത് വയസ്സായി. മൂന്ന് വർഷം മുൻപ് തന്നെ കുട്ടി മരണപ്പെട്ടിരിക്കാമെന്നാണ് ഗാർഡൈയുടെ നിഗമനം. ഈ കേസിൽ ഇതിനോടകം 570-ലധികം അന്വേഷണ നടപടികൾ പൂർത്തിയാക്കിയതായി ഗാർഡൈ അറിയിച്ചു.
കൈറാന്റെ അവസാന ചിത്രങ്ങൾ 2022 ജൂണിലാണ് എടുത്തത്. കേസിന്റെ ഭാഗമായി രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. കൂടാതെ 30,000 മണിക്കൂറിലധികം സിസിടിവി ദൃശ്യങ്ങൾ ഗാർഡൈ പരിശോധിച്ചു.
കൈറാനുമായി അടുപ്പമുണ്ടായിരുന്ന 20 വയസ്സുള്ള ഒരു യുവതിയെയും 36 വയസ്സുള്ള ഒരു പുരുഷനെയുമാണ് ഗാർഡൈ അറസ്റ്റ് ചെയ്തത്. ഡ്രോഹെഡയിലെ ഒരു വീട്ടിലും സമീപത്തെ തോട്ടങ്ങളിലും ഗാർഡൈ വിശദമായ പരിശോധന നടത്തിയിരുന്നു. അറസ്റ്റ് ചെയ്ത ഇരുവരേയും പിന്നീട് യാതൊരു കുറ്റവും ചുമത്താതെ വിട്ടയച്ചു.
എന്നാൽ, അറസ്റ്റ് ചെയ്യപ്പെട്ട പുരുഷൻ ആന്റണി മാഗ്വയർ, ജയിൽ മോചിതനായതിന് പിന്നാലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഇതൊരു വ്യക്തിപരമായ ദുരന്തമാണെന്ന് ഗാർഡൈ അറിയിച്ചു. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും ഗാർഡൈ വ്യക്തമാക്കി.
കൈറാൻ എവിടെയാണെന്നോ അവന് എന്ത് സംഭവിച്ചുവെന്നോ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനാൽ ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എത്രയും വേഗം ഡ്രോഹെഡ ഗാർഡാ സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 041 987 4200. അല്ലെങ്കിൽ ഗാർഡാ കോൺഫിഡൻഷ്യൽ ലൈനിലേക്ക് 1800 666 111 എന്ന നമ്പറിൽ വിളിക്കാം. ഏത് ഗാർഡാ സ്റ്റേഷനിലും വിവരങ്ങൾ അറിയിക്കാവുന്നതാണ്.

