മുല്ലിംഗർ, അയർലൻഡ് — ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് പിന്തുണ നൽകാനും അവകാശങ്ങൾക്കായി വാദിക്കാനും ‘എയിസ്റ്റ് – സെയ്യിംഗ് നോ ടു സൈലൻസ്’ (Éist – Saying No To Silence) എന്ന പേരിൽ പുതിയ സംഘടനക്ക് തുടക്കമായി. മുല്ലിംഗർ സ്വദേശിയും പീഡനത്തിന് ഇരയായ വ്യക്തിയുമായ ഹേസൽ ബേഹാൻ ഉൾപ്പെടെ മൂന്ന് വനിതകളാണ് ഈ സംഘടനക്ക് രൂപം നൽകിയത്.
2004-ൽ പോർച്ചുഗലിലെ അൽഗാർവേയിൽ വെച്ച് ഹേസൽ ബേഹാൻ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു. പിന്നീട് മഡെലീൻ മക്കാനിന്റെ തിരോധാനക്കേസിലെ പ്രധാന പ്രതിയായി മാറിയ ക്രിസ്റ്റ്യൻ ബ്രൂക്നർ ആയിരുന്നു ഈ കേസിൽ പ്രതി. എന്നാൽ, മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജർമൻ കോടതി ഇയാളെ പിന്നീട് കുറ്റവിമുക്തനാക്കി. ഈ വ്യക്തിപരമായ ദുരനുഭവമാണ് ഇത്തരമൊരു സംഘടന തുടങ്ങാൻ ഹേസലിനെ പ്രേരിപ്പിച്ചത്.
നിയമപരമായ കാര്യങ്ങളിൽ സഹായിക്കുന്ന സാന്ദ്ര ഡാലി, സൈക്കോതെറാപ്പിസ്റ്റ് ആയ ബെയർബ്രെ കെല്ലി എന്നിവരാണ് ഹേസലിനൊപ്പം ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. മിഡ്‌ലാൻഡ്‌സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംഘടന, നിലവിൽ ആവശ്യത്തിനനുസരിച്ച് സേവനങ്ങൾ ലഭ്യമല്ലാത്തതിന്റെ പോരായ്മകൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. “ജീവതത്തിലെ ഏറ്റവും മോശം മാനസികാഘാതത്തിലൂടെ കടന്നുപോയവർക്ക് അവരുടെ ശക്തി തിരികെ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ഹേസൽ ബേഹാൻ പറഞ്ഞു.
പ്രധാന ലക്ഷ്യങ്ങൾ:
- അടിയന്തര സഹായം: ബലാത്സംഗത്തിനും ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കും ഇരയായവർക്ക് അടിയന്തര പിന്തുണ നൽകുക എന്നതാണ് Éist-ന്റെ പ്രധാന ലക്ഷ്യം.
- നിയമപരമായ വിവരങ്ങൾ: നിയമപരമായ നടപടികളിലൂടെ കടന്നുപോകുമ്പോൾ ഇരകൾക്ക് ആവശ്യമായ വിവരങ്ങളും പിന്തുണയും നൽകും. പോലീസ്‌സ്റ്റേഷനുകളിലും കോടതികളിലും പോകേണ്ടി വരുമ്പോൾ അവർക്ക് അടുത്തതായി എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് മനസിലാക്കാൻ ഇത് സഹായിക്കും.
- ബോധവൽക്കരണം: സ്കൂളുകളിലും, പ്രാദേശിക സ്ഥാപനങ്ങളിലും, മറ്റ് സംഘടനകളിലും ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും സമ്മതത്തെക്കുറിച്ചും (consent) പരിശീലനം നൽകാൻ Éist പദ്ധതിയിടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതലമുറ കാണുന്ന കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഇത് സഹായിക്കും.
- നയപരമായ മാറ്റങ്ങൾക്കായി വാദിക്കുക: ഇരകൾക്ക് വേണ്ടി നിയമപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് സർക്കാരിൽ സമ്മർദ്ദം ചെലുത്താനും സംഘടന ലക്ഷ്യമിടുന്നു. ഉദാഹരണത്തിന്, കേസുകളിൽ ഇരകളുടെ കൗൺസിലിംഗ് രേഖകൾ തെളിവായി ഉപയോഗിക്കുന്നത് നിർത്തലാക്കാൻ വേണ്ടിയുള്ള ആവശ്യം Éist ഉന്നയിക്കും. ഇരകൾക്ക് സുരക്ഷിതമായി സംസാരിക്കാൻ ഒരു ഇടം നൽകണമെന്നും, അവരുടെ വാക്കുകൾ അവർക്കെതിരെ ഉപയോഗിക്കരുതെന്നും സ്ഥാപകർ പറയുന്നു.
ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് സുരക്ഷയും, മാനസിക പിന്തുണയും, നിയമപരമായ അവബോധവും നൽകുന്നതിലൂടെ അവർക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ നൽകാനാണ് ഈ പുതിയ സംഘടനയുടെ ശ്രമം.