ഡബ്ലിൻ — ജോർജ് ഡോക്ക് പാലത്തിന് തീപിടിത്തത്തിൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന്, ഡബ്ലിനിലെ ലുവാസ് റെഡ് ലൈൻ സർവീസുകൾ നവംബർ അവസാനം വരെ നിർത്തിവച്ചു. പാലം ‘ഘടനപരമായി ദുർബലമായ’ അവസ്ഥയിലാണെന്ന് വിലയിരുത്തിയതിനെ തുടർന്ന് ഇത് പൊളിച്ച് മാറ്റാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
അടുത്തിടെ ഉണ്ടായ തീപിടിത്തത്തെ തുടർന്നാണ് പാലത്തിന് കേടുപാടുകൾ സംഭവിച്ചത്. പാലം പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കാനുള്ള പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ, Connolly-ക്കും The Point-നും ഇടയിലുള്ള ലുവാസ് റെഡ് ലൈൻ സർവീസുകൾ നിർത്തിവയ്ക്കും.
യാത്രക്കാരുടെ സൗകര്യത്തിനായി, സെപ്റ്റംബർ 1 മുതൽ പകരം ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ലുവാസ് സർവീസുകൾ പ്രവർത്തിക്കുന്ന സമയങ്ങളിൽ ഓരോ 10 മിനിറ്റിലും ബസ്സുകൾ ലഭ്യമാകും. ബസ് സ്റ്റോപ്പുകൾ താഴെ പറയുന്നവയാണ്:
- ജോർജ് ഡോക്ക് ലുവാസ് സ്റ്റോപ്പ് (ഹിൽട്ടൺ ഗാർഡൻ ഇൻ സമീപം)
- മേയർ സ്ക്വയർ – എൻസിഐ ലുവാസ് സ്റ്റോപ്പ് (ദ കൺവെൻഷൻ സെന്റർ സമീപം)
- സ്പെൻസർ ഡോക്ക് ലുവാസ് സ്റ്റോപ്പ് (ദ മേസൺ ഹോട്ടൽ സമീപം)
- ദ പോയിന്റ് ലുവാസ് സ്റ്റോപ്പ് (ദ പോയിന്റ് / 3അരീന സമീപം)
പാലം പൊളിക്കുന്നതിനുള്ള സൗകര്യത്തിനായി ഓവർഹെഡ് പവർ കേബിളുകളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനാൽ സെപ്റ്റംബർ 2-നും 3-നും ചൊവ്വാഴ്ചയും ബുധനാഴ്ചയും വൈകുന്നേരം 7 മണിക്ക് ശേഷം ലുവാസ് സർവീസുകൾക്ക് തടസ്സമുണ്ടാകും. ഈ ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് ശേഷം Saggart-ൽ നിന്നും Tallaght-ൽ നിന്നും Smithfield വരെ മാത്രമേ സർവീസുകൾ ഉണ്ടായിരിക്കുകയുള്ളൂ. രാവിലെ സാധാരണപോലെ സർവീസുകൾ ഉണ്ടാകും. ഈ പ്രത്യേക ഷട്ട്ഡൗൺ സമയങ്ങളിൽ ലുവാസ് ടിക്കറ്റുകൾ ഡബ്ലിൻ ബസ് സർവീസുകളിൽ ഉപയോഗിക്കാവുന്നതാണ്.
ബസ് സർവീസുകൾ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 5:30 മുതൽ രാത്രി 12:30 വരെയും, ശനിയാഴ്ചകളിൽ രാവിലെ 6:30 മുതൽ രാത്രി 12:30 വരെയും, ഞായറാഴ്ചകളിൽ രാവിലെ 7:00 മുതൽ രാത്രി 11:30 വരെയും ലഭ്യമാകും.