അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ കൂടിച്ചേരലായ ’കേരള ഹൌസ് കാര്‍ണിവൽ’ ഇന്ന് രാവിലെ എട്ട് മണിമുതൽ പാൽമേഴ്‌സ്ടൗൺ ഹൌസ് എസ്റ്റേറ്റിൽ നടന്ന് വരികയാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി ലൂക്കൻ വില്ലേജിൽ നടത്തിവന്നിരുന്ന കേരളാ ഹൌസ് കാർണിവലിന്റെ വേദി ഇത്തവണ കൗണ്ടി കിൽഡയറിലെ പാൽമേഴ്‌സ്ടൗൺ ഹൌസ് എസ്റ്റേറ്റ് ഗ്രൗണ്ടിലാണ് നടക്കുന്നത്. ഡബ്ലിൻ മേഖലയിലെ ഏറ്റവും വലിയ ഇവന്റ് സെന്ററുകളിലൊന്നായ ഇവിടെ ആയിരക്കണക്കിന് പേരെ ഉൾക്കൊള്ളാവുന്ന സൗകര്യങ്ങളാണുള്ളത്.
സ്വാദിഷ്ഠമായ ഭക്ഷണ സ്റ്റാളുകളും കുട്ടികള്‍ക്കായുള്ള റൈഡ്‌സും ഇന്‍ഡോര്‍ ഗെയിംസും കൂടാതെ പെനാല്‍റ്റി ഷൂട്ട്ഔട്ടും പതിവുപോലെ കര്‍ണിവലിന്റെ ഭാഗമാകും. മുതിർന്നവർക്കായി ക്രിക്കറ്റ് ബോൾ ത്രോ, ഹാൻഡ് റെസ്ലിംഗ് കൂടാതെ കാർണിവലിന്റെ മുഖ്യാകർഷണമായ അയർലണ്ടിലെ കരുത്തുറ്റ ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി എന്നീ ജനപ്രിയ പരിപാടികൾ ഇപ്രാവശ്യവും നടത്തപ്പെടുന്നു. ഒരു ദിവസം മുഴുവൻ കലാപ്രേമികൾക്കായി നൃത്ത, സംഗീത വിരുന്നും പ്രമുഖ ബാന്റുകളുടെ ഗാനമേളയും കൂടാതെ വിവിധ കൗണ്ടികളിൽ നിന്നും മത്സരാർഥികൾ പങ്കെടുക്കുന്ന റാംപ് ഷോയും ഇത്തവണത്തെ കാർണിവലിന്റെ പ്രധാന ആകർഷണങ്ങൾ ആണ്.
വിശാലമായ പാർക്കിംഗ് സൗകര്യമാണ് പാൽമേഴ്‌സ്ടൗൺ ഹൌസ് എസ്റ്റേറ്റിൽ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ സംഘാടകർ ഒരുക്കിയിരുന്നത്. പക്ഷേ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പ്രീ-ബുക്ക് ചെയ്യേണ്ട ഈ പാർക്കിംഗ് മുഴുവനും വിറ്റ്പോവുകയും കൂടുതൽ വാഹനങ്ങൾ അവിടേക്ക് കടന്ന് പോകാൻ പറ്റാത്ത സാഹചര്യമാണെന്നും ആണ്. ആയതിനാൽ ദൂരപ്രദേശങ്ങളിൽ വരുന്നവർ മറ്റ് പാർക്കിംഗ് സൗകര്യങ്ങൾ ക്രമീകരിക്കുന്നതാവും നല്ലത്.