ഡബ്ലിൻ: അയർലൻഡിൽ കാവൻ ബെയിലിബ്രോയിൽ താമസിച്ചിരുന്ന യുവ മലയാളി പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു. വടക്കേ കരുമാങ്കൽ, പാച്ചിറ സ്വദേശിയായ ജോൺസൺ ജോയ് (34) ആണ് അകാലത്തിൽ വിട പറഞ്ഞത്. ഭാര്യയും രണ്ട് കുഞ്ഞുകുട്ടികളും പ്രസവാവധിക്ക് നാട്ടിലായിരിക്കെയാണ് ജോൺസനെ മരണം കവർന്നത്.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. ഉച്ചയായിട്ടും റൂമിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് ഒപ്പം താമസിച്ചിരുന്നയാൾ വാതിൽ മുട്ടി വിളിച്ചപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത്.
പാച്ചിറ ഇടവക കൊച്ചുപറമ്പിൽ ആൽബി ലൂക്കോസാണ് ഭാര്യ. രണ്ട് കുഞ്ഞുകുട്ടികളുള്ള ചെറുപ്പക്കാരനായ ജോൺസന്റെ വേർപാട് അയർലൻഡിലെ മലയാളി പ്രവാസികളെയും സുഹൃത്തുക്കളെയും അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അടുത്ത കാലത്തായി അയർലൻഡിൽ പ്രവാസികൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങളും ആത്മഹത്യകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ, ജോൺസന്റെ നിര്യാണം വീണ്ടും പ്രവാസി സമൂഹത്തിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾക്കായി സുഹൃത്തുക്കളും പ്രവാസി സംഘടനകളും ചേർന്ന് ശ്രമങ്ങൾ ആരംഭിച്ചു.

