ബെർലിനിൽ നടന്ന പാലസ്തീൻ അനുകൂല പ്രകടനത്തിനിടെ ഐറിഷ് പൗരന് പോലീസ് മർദനമേറ്റ സംഭവത്തിൽ ആശങ്കയറിയിച്ച് ജർമ്മൻ അധികൃതരുമായി ബന്ധപ്പെട്ട് ഐറിഷ് അംബാസഡർ. ബെർലിനിലെ റോസെൻതാലർ സ്ട്രീറ്റിൽ നടന്ന പ്രതിഷേധത്തിനിടെ കിറ്റി ഒ’ബ്രിയൻ എന്ന ഐറിഷ് പ്രകടനക്കാരിയെ ജർമ്മൻ പോലീസ് ഉദ്യോഗസ്ഥൻ മുഖത്തടിക്കുന്നതും വലിച്ചിഴച്ചു കൊണ്ടുപോകുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ വ്യക്തമാണ്.
സംഭവവുമായി ബന്ധപ്പെട്ട് ജർമ്മൻ അധികാരികളുമായി ബന്ധപ്പെട്ടതായി ഐറിഷ് വിദേശകാര്യ വകുപ്പ് അറിയിച്ചു. ഐറിഷ് അംബാസഡർ മേവ് കോളിൻസും വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും വിഷയം ഉന്നയിച്ചു. കൂടാതെ, പൗരന് ആവശ്യമെങ്കിൽ എല്ലാവിധ സഹായങ്ങളും നൽകാൻ തയ്യാറാണെന്നും വിദേശകാര്യ വകുപ്പ് വക്താവ് കൂട്ടിച്ചേർത്തു.
ബെർലിൻ പോലീസിൻ്റെ നടപടികളെ ഐറിഷ് പാലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ ഗ്രൂപ്പ് അപലപിച്ചു. “സമാധാനപരമായ പാലസ്തീൻ പ്രതിഷേധക്കാർക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ സംഭവമാണിത്,” അവർ പറഞ്ഞു.
സംഭവം പോലീസ് വാച്ച്‌ഡോഗ് ആയ ബെർലിൻ സ്റ്റേറ്റ് ക്രിമിനൽ പോലീസ് ഓഫീസിലെ ഡയറക്ടറേറ്റ് ഫോർ പോലീസ് ഒഫൻസെസിനെ അറിയിച്ചതായി ബെർലിൻ പോലീസ് വ്യക്തമാക്കി. പോലീസ് നടപടികൾ അമിതമായിരുന്നോ അതോ ക്രിമിനൽ സ്വഭാവമുള്ളതാണോ എന്ന് പരിശോധിക്കുമെന്നും അവർ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്തവർ പിരിഞ്ഞുപോകാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ അവഗണിക്കുകയും, പോലീസുദ്യോഗസ്ഥരെ വാക്കാൽ അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിനാലാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നും പോലീസ് വക്താവ് കൂട്ടിച്ചേർത്തു.
പ്രതിഷേധത്തിൽ പങ്കെടുത്ത ഏകദേശം 100 പേരോട് “അനധികൃതമായി ഒത്തുകൂടിയ” സ്ഥലത്തുനിന്ന് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ബലം പ്രയോഗിച്ചാണ് അവരെ പിരിച്ചുവിട്ടത്. സംഭവത്തിൽ 96 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ എല്ലാവരെയും തിരിച്ചറിഞ്ഞ ശേഷം വിട്ടയച്ചു.
ഈ വിഷയത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും ജർമ്മൻ അധികാരികളിൽ നിന്ന് മറുപടി തേടാൻ താനാഷ്ടറുമായി ബന്ധപ്പെട്ടെന്നും ലേബർ ടിഡി ഡങ്കൻ സ്മിത്ത് അറിയിച്ചു. “പാലസ്തീനിലെ നിസ്സഹായരായ സാധാരണക്കാർക്ക് നേരെയുള്ള ക്രൂരമായ കൂട്ടക്കൊലയും ദുരിതങ്ങളും ഉയർത്തിക്കാട്ടുന്നത് കുറ്റകൃത്യമല്ല,” സിൻ ഫെയ്ൻ പാർട്ടിയുടെ വക്താവ് പ്രസ്താവിച്ചു.

