വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ ഇന്ന് (ശനി) നടക്കും. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞ് 3.30-നാണ് ആഘോഷപരിപാടികൾക്ക് തുടക്കമാകുന്നത്. പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന മുപ്പതിലധികം കലാപരിപാടികളാണ് സ്റ്റേജിൽ അരങ്ങേറുന്നത്.
അസോസിയേഷൻ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ, സംഗീത പരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകും. യുവതലമുറയെ ആവേശം കൊള്ളിക്കാൻ അയർലണ്ടിലെ പ്രമുഖർ നയിക്കുന്ന ഡിജെ (DJ) സംഗീത വിരുന്നും ഇത്തവണത്തെ പ്രത്യേകതയാണ്.
ആഘോഷങ്ങളുടെ ഭാഗമായി അയർലണ്ടിലെ പ്രശസ്തമായ ‘മൂക്കൻസ് കാറ്ററിംഗ്’ ഒരുക്കുന്ന വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും. വാട്ടർഫോർഡിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ല്യു.എം.എ (WMA) ഭാരവാഹികൾ അറിയിച്ചു. രാത്രി 10 മണിയോടെ പരിപാടികൾ സമാപിക്കും.
(വാർത്ത: ഷാജു ജോസ്)
