അയർലണ്ടിലുടനീളം അനധികൃത പാർക്കിംഗ് തടയുന്നതിനുള്ള ഒരു സുപ്രധാന നീക്കത്തിൽ ലോക്കൽ കൗൺസിലുകൾ ട്രാഫിക് വാർഡൻമാരുടെ എണ്ണം കൂട്ടി. ഇത് പാർക്കിംഗ് പിഴകളിൽ കുത്തനെയുള്ള വർദ്ധനവിന് കാരണമായി. 2023-ൽ 351,000 പാർക്കിംഗ് ടിക്കറ്റുകൾ ഇഷ്യൂ ചെയ്തതായി ഡാറ്റ വെളിപ്പെടുത്തുന്നു. ഇത് 2022-ൽ ഇഷ്യൂ ചെയ്ത 304,000 പിഴകളിൽ നിന്ന് 15% കൂടുതലാണ്.
വിവിധ പാർക്കിംഗ് ലംഘനങ്ങൾക്ക് 40 യൂറോ മുതൽ 150 യൂറോ വരെയാണ് പിഴ ചുമത്തുന്നത്. ഡിസേബിൾഡ് പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്യുന്നതിന് 150 യൂറോ പിഴയും, ഫുട്പാത്തിലും സൈക്കിൾ ട്രാക്കുകളിലും ബസ് പാതകളിലും പാർക്ക് ചെയ്യുന്നതിന് 80 യൂറോ പിഴയുമാണ് ചുമത്തുന്നത്. ശരിയായ ടാക്സ് ഡിസ്ക് പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് €60 പിഴയും, സാധുവായ പേ ആൻഡ് ഡിസ്പ്ലേ ടിക്കറ്റ് ഇല്ലെങ്കിൽ 40 യൂറോയും പിഴയുണ്ട്.
COVID-19 പാൻഡെമിക് സമയത്ത്, പല കൗൺസിലുകളും പാർക്കിംഗ് എൻഫോഴ്‌സ്‌മെന്റിൽ ഇളവ് വരുത്തി. എന്നാൽ, പാൻഡെമിക് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ, കൗൺസിലുകൾ ട്രാഫിക് വാർഡൻമാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് പാർക്കിംഗ് പിഴകൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചിരിക്കുകയാണ്.
അയർലണ്ടിലെ 31 ലോക്കൽ കൗൺസിലുകളിൽ 23 എണ്ണം പാർക്കിങ് പിഴയിൽ വർധനവ് രേഖപ്പെടുത്തി. ഗാൽവേ സിറ്റി കൗൺസിൽ, കോർക്ക് സിറ്റി കൗൺസിൽ, ഡൺ ലെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ, വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ, കെറി കൗണ്ടി കൗൺസിൽ, വെസ്റ്റ്മീത്ത് കൗണ്ടി കൗൺസിൽ എന്നിവിടങ്ങളിൽ 100,000 പേർക്ക് പിഴയീടാക്കിയതിൽ ഏറ്റവും കൂടുതൽ തുക പിഴയായി ചുമത്തിയത്.
ഗാൽവേ സിറ്റി കൗൺസിൽ, ഇപ്പോൾ 11 ട്രാഫിക് വാർഡൻമാരെ നിയമിച്ചു. ഒരാൾ കൂടി ഉടൻ ചേരും. കഴിഞ്ഞ വർഷം 36,645 പാർക്കിംഗ് പിഴകൾ ഇഷ്യൂ ചെയ്‌തു. 2022-ൽ ഇത് 30,517 ആയിരുന്നു. കോർക്ക് സിറ്റി കൗൺസിൽ 49,511 പിഴകൾ പുറപ്പെടുവിച്ചു. വെസ്റ്റ്മീത്ത് കൗണ്ടി കൗൺസിൽ 7,424 പിഴ ചുമത്തി.
ഡൊണെഗൽ കൗണ്ടി കൗൺസിലിലും ഡബ്ലിൻ സിറ്റി കൗൺസിലിലും പിഴയിൽ ഗണ്യമായ വർധനയുണ്ടായി. ഡൊണഗലിൽ, പിഴകളുടെ എണ്ണം ഇരട്ടിയിലധികമായി, കഴിഞ്ഞ വർഷം 10,018 പിഴകൾ ഇഷ്യൂ ചെയ്തപ്പോൾ 2022-ഇൽ ഇത് 4,892 ആയിരുന്നു.
ട്രാഫിക് വാർഡൻമാരുടെ വർദ്ധനവും തുടർന്നുള്ള പാർക്കിംഗ് പിഴകളിലെ വർദ്ധനവും പ്രാദേശിക കൗൺസിലുകൾക്ക് ദശലക്ഷക്കണക്കിന് യൂറോ വരുമാനം ഉണ്ടാക്കിയിട്ടുണ്ട്.