എൻ എം ബി ഐ ബോർഡ് ഇലക്ഷനിൽ മികച്ച വിജയം സ്വന്തമാക്കി സോമി തോമസ്സും(ഒന്നാം വിഭാഗം), ഗ്രോണ്യ ഗാഫ്നിയും (രണ്ടാം വിഭാഗം). ചിൽഡ്രൻസ് നഴ്സിംഗ് വിഭാഗത്തിൽ വോട്ടെടുപ്പില്ലാതെ മാരി ലാവേൽ ബോർഡിലേക്ക്. സെപ്റ്റംബർ 23-ന് രാവിലെ ഒൻപതു മണി മുതൽ ആരംഭിച്ച തെരഞ്ഞെടുപ്പ് ഇന്നലെ ഒക്ടോബർ 2-ന് ഉച്ചക്ക് 12 മണിക്ക് അവസാനിച്ചു.
രണ്ട് വിഭാഗത്തിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ വിഭാഗത്തിൽ ബോർഡിലേക്ക് ജനറൽ നഴ്സിംഗ് പ്രാക്റ്റീസ് ചെയ്യുന്ന രജിസ്റ്റർഡ് നഴ്സിനെയും, രണ്ടാം വിഭാഗത്തിൽ പബ്ലിക് ഹെൽത്തിൽ ജോലി ചെയ്യുന്നതും, നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും വിദ്യാഭാസത്തിൽ എൻഗേജ് ചെയ്യുന്ന രജിസ്റ്റർഡ് നഴ്സിനെയുമാണ് തിരഞ്ഞെടുത്തത്. കുട്ടികളുടെ നഴ്‌സിംഗ് വിഭാഗത്തിലേക്ക് ഒരു നോമിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഈ വിഭാഗത്തിൽ വോട്ടെടുപ്പ് നടത്തിയില്ല. 23 അംഗങ്ങൾ ഉള്ള നഴ്സിംഗ് ബോർഡിന്റെ ജനറൽ നഴ്സിംഗ് വിഭാഗത്തിലേക്കാണ് സോമി തോമസ് തെരഞ്ഞെടുക്കപ്പെട്ടത്.
നഴ്സിംഗ് ബോർഡ് തിരഞ്ഞെടുപ്പിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി മത്സരിച്ച സോമി തോമസ് എതിർ സ്ഥാനർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ പിന്നിലാക്കിയാണ് വിജയം ഉറപ്പിച്ചത്.
തന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അവർ നന്ദി അറിയിച്ചു.
“ഈ തിരഞ്ഞെടുപ്പിലുടനീളം നിങ്ങളുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും അചഞ്ചലമായ പിന്തുണക്കും നിങ്ങൾ ഓരോരുത്തരോടും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പരിശ്രമമില്ലാതെ ഈ വിജയം സാധ്യമാകുമായിരുന്നില്ല, നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തെയും വിശ്വാസത്തെയും ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു.
എന്നോടൊപ്പം നിന്നതിന് ഒരിക്കൽ കൂടി നന്ദി. ഒരുമിച്ച്, ഞങ്ങൾ മാറ്റമുണ്ടാക്കുന്നത് തുടരും.”
-സോമി തോമസ്