റോഡ് അപകടങ്ങൾ കണ്ടാൽ ഫോട്ടോയും വിഡിയോയും എടുക്കുന്നവരാണോ നിങ്ങൾ? എന്നാൽ അത് പിഴ ചുമത്തപ്പെടാവുന്ന കുറ്റമാണെന്ന് നിങ്ങൾക്കറിയാമോ?
കൗണ്ടി ലൗത്തിലെ ഒരു മോട്ടോർവേയിൽ അപകടത്തിൻ്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൂന്ന് ഡ്രൈവർമാർക്ക് ഗാർഡ പിഴ ചുമത്തി.
ഇന്നലെ പുലർച്ചെ M1 മോട്ടോർവേയിൽ വലിയ ട്രക്ക് ഇടിച്ച് ഒരു അപകടമുണ്ടായിരുന്നു. ക്ലോഗർഹെഡിൽ നിന്നുള്ള പോലീസും ഡൻഡൽക് ദ്രോഗെഡ റോഡ്‌സ് പോലീസിംഗ് യൂണിറ്റിലെ ഉദ്യോഗസ്ഥരും എത്തിയപ്പോളാണ് ആ വഴി വന്ന മൂന്ന് ഡ്രൈവർമാർ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്.
അപകടത്തെത്തുടർന്ന് മോട്ടോർവേയുടെ രണ്ടുവരി ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു.
മൂന്ന് ഡ്രൈവർമാർ അപകടസ്ഥലത്തുകൂടി കടന്നുപോകുന്നത് അവരുടെ ഫോണിൽ റെക്കോർഡ് ചെയ്യുന്നത് കണ്ടതായി ഗാർഡ സോഷ്യൽ മീഡിയയിൽ പറഞ്ഞു. “അവിശ്വസനീയം” എന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്.
മൂന്ന് ഡ്രൈവർമാരെയും ഗാർഡ തടഞ്ഞുനിർത്തി നിശ്ചിത പിഴ നോട്ടീസ് നൽകി.
വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് മറ്റൊരു അപകടത്തിന് കാരണമാകുമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി. അപകടങ്ങൾ ചിത്രീകരിക്കുന്നത് ബന്ധപ്പെട്ടവരോടുള്ള അനാദരവാണെന്നും അവർ പറഞ്ഞു.