ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ അഞ്ചാമത് ദേശീയ സമ്മേളനം ഡബ്ലിനിലെ സീതാറാം യെച്ചൂരി നഗറിൽ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം അയർലണ്ട് പാർലമെന്റ് അംഗവും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ റൂത്ത് കോപ്പിംഗർ നിർവഹിച്ചു. ലോകം ക്രൂരമായ സൈനിക കടന്നാക്രമണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. പൊതു തിരഞ്ഞെടുപ്പിൽ തീവ്ര വലതു പക്ഷം വലിയ പ്രകടനം നടത്തിയില്ലെങ്കിലും അവർ അയർലണ്ടിൽ വളരുകയാണ്, ഇതിനെ ചെറുക്കുന്നതിന് ഇടതു പക്ഷവും സോഷ്യലിസ്റ്റുകളും സംഘടിക്കേണ്ടത്തിൻ്റെ പ്രാധാന്യം അവർ വിശദീകരിച്ചു. കുടിയേറ്റ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ക്രാന്തിയുടെ പ്രവർത്തനത്തെ അവർ അഭിനന്ദിച്ചു.
ക്രാന്തിയുടെ മുതിർന്ന അംഗം രാജൻ ദേവസ്യ പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മനോജ് മാന്നാത്ത് സ്വാഗതം ആശംസിച്ചു. ഡബ്ലിൻ നോർത്ത് യൂണിറ്റ് സെക്രട്ടറി പ്രണബ് കുമാർ രക്ത സാക്ഷി പ്രമേയവും കേന്ദ്ര കമ്മിറ്റി അംഗം നവീൻ കെ. എസ്. അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷിനിത്ത് എ.കെ പ്രവർത്തന റിപ്പോർട്ടും ഭരണഘടന ഭേദഗതിയും ട്രഷറർ ജോൺ ചാക്കോ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കേന്ദ്ര വൈസ്. പ്രസിഡണ്ട് മെൽബ സിജു അവതരിപ്പിച്ച തീവ്ര വലത് പക്ഷത്തെ ചെറുക്കുക, കേന്ദ്ര കമ്മിറ്റി അംഗം ഷാജു ജോസ് അവതരിപ്പിച്ച പാലസ്തീൻ ഐക്യ ദാർഢ്യം, കേന്ദ്ര കമ്മിറ്റി അംഗം അജയ്.സി.ഷാജി അവതരിപ്പിച്ച അയർലണ്ടിലെ ഹൗസിങ്ങ് ക്രൈസിസ് പരിഹരിക്കുന്നതിന് അടിയന്തിരമായി സർക്കാർ ഇടപെടുക എന്നീ മൂന്ന് പ്രമേയങ്ങളും ഐകകണ്‌ഠേന സമ്മേളനം അംഗീകരിച്ചു.
റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ചർച്ചയിൽ ഉയർന്നു വന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും സെക്രട്ടറി മറുപടി പറഞ്ഞതിന് ശേഷം റിപ്പോർട്ടിനും ഭരണഘടന ഭേദഗതിക്കും സമ്മേളനം അംഗീകാരം നൽകി.
സെക്രട്ടറി ഷിനിത്ത്.എ.കെ. അവതരിപ്പിച്ച അടുത്ത രണ്ട് വർഷത്തേക്കുള്ള 19 അംഗ പാനലിന് സമ്മേളനം അംഗീകാരം നൽകി. കേന്ദ്ര കമ്മിറ്റി അംഗം അഭിലാഷ് തോമസ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഭാരവാഹികൾ: അനൂപ് ജോൺ (പ്രസിഡണ്ട്), മെൽബ സിജു (വൈസ്. പ്രസിഡണ്ട്), അജയ്.സി.ഷാജി (സെക്രട്ടറി),
രതീഷ് സുരേഷ് (ജോ.സെക്രട്ടറി),
സരിൻ. വി. സദാശിവൻ ( ട്രഷറർ).
കേന്ദ്ര കമ്മിറ്റി അംഗങ്ങൾ- പ്രണാബ് കുമാർ, റോബിൻ ജോസഫ്, വിനീഷ് വി.കെ. ജിത്തിൻ റാഷിദ്, രാഹുൽ രവീന്ദ്രൻ, ഫിവിന്‍ തോമസ്, സജീവ് നാരായൺ, ഷിനിത്ത് എ. കെ, വര്ഗീസ് ജോയ്, ജീവൻ മാടപ്പാട്ട്, ഷിജിമോൻ കച്ചേരിയിൽ, രാജു ജോർജ്, ഷാജു ജോസ്, അഭിലാഷ് തോമസ്.
ജീവൻ മാടപ്പാട്ട്, പ്രണബ് കുമാർ, ജിജി ജോർജ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് എക്സിക്യുട്ടീവ് അംഗം വർഗീസ് ജോയ്, എ. ഐ. സി വർക്കിംഗ് കമ്മറ്റിയംഗം ബിനു തോമസ്, കൈരളി യു.കെ ദേശീയ കമ്മിറ്റി അംഗം അനുമോൾ ലിൻസ്,
ലോക കേരള സഭാംഗം ഷാജു ജോസ് എന്നിവർ സംസാരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി അജയ് സി ഷാജി സമ്മേളനത്തിന് നന്ദിയും രേഖപ്പെടുത്തി.