മാഞ്ചസ്റ്ററിലേക്ക് പോകുകയായിരുന്ന ഈസിജെറ്റ് വിമാനം ഗ്രീസിലെ ഏഥന്‍സില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രാ മധ്യേ പൈലറ്റ് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. വിമാനം പറന്നുയര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കോക്പിറ്റില്‍ പൈലറ്റ് ബോധരഹിതനായി വീഴുകയായിരുന്നു. തുടര്‍ന്ന് സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.
ഏതാണ്ട് രണ്ട് മണിക്കൂറോളം വിമാനം പറന്നുകഴിഞ്ഞാണ് പൈലറ്റിന് ആരോഗ്യപ്രശനം നേരിട്ടത്. വിമാനത്തില്‍ ഭക്ഷണം നല്‍കിക്കൊണ്ടിരുന്ന ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പെട്ടെന്ന് കോക്പിറ്റിലേക്ക് ഓടിപ്പോകുന്നതാണ് യാത്രക്കാര്‍ ആദ്യം കണ്ടത്. ആദ്യം കരുതിയത് യാത്രക്കാരില്‍ ആരോ കുഴഞ്ഞുവീണു എന്നായിരുന്നു. പിന്നീടാണ് പൈലറ്റാണ് കുഴഞ്ഞുവീണതെന്ന് മനസിലാക്കിയത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. മെഡിക്കല്‍ പരിശീലനം ലഭിച്ച ആരെങ്കിലും ഉണ്ടോയെന്ന് ജീവനക്കാര്‍ വിളിച്ചുചോദിച്ചു. യാത്രക്കാരില്‍ ഏതാനും പേര്‍ മുന്നോട്ട് ചെന്ന് പൈലറ്റിന് അടിയന്തിര വൈദ്യസഹായം നല്‍കി.
പൈലറ്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതോടെ എമര്‍ജന്‍സി ലാന്റിങ് ആവശ്യമാണെന്ന് തീരുമാനിക്കുകയായിരുന്നു. ഉടന്‍ തന്നെ സഹ-പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അടിയന്തര ലാന്‍ഡിങ് നടത്തുകയുമായിരുന്നു. നേരത്തെ വിവരം നല്‍കിയതനുസരിച്ച് വൈദ്യസഹായം നല്‍കാന്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളും അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. അടിയന്തര ലാന്‍ഡിംഗ് കാരണം യാത്ര മുടങ്ങിയവര്‍ക്ക് വിമാന കമ്പനി താമസ സൗൗകര്യവും ഭക്ഷണവും നല്‍കി. ഇവരെ അടുത്ത ദിവസം മാഞ്ചസ്റ്ററില്‍ എത്തിക്കുമെന്ന് ഈസി ജെറ്റ് അധികൃതര്‍ അറിയിച്ചു.