ഡബ്ലിൻ: രാജ്യത്തേക്കുള്ള അഭയാർഥി പ്രവാഹം നിയന്ത്രിക്കുന്നതിനും രാജ്യാന്തര സംരക്ഷണ സംവിധാനത്തിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനുമായി അയർലൻഡ് സർക്കാർ ‘വെളാൻ്ററി റിട്ടേൺ പ്രോഗ്രാമി’ൽ (സ്വമേധയാ മടങ്ങിപ്പോകൽ പദ്ധതി) വലിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ജസ്റ്റിസ് മന്ത്രി ജിം ഒ’കല്ലഗൻ ഒപ്പുവച്ച പുതിയ ഉത്തരവനുസരിച്ച്, രാജ്യാന്തര സംരക്ഷണത്തിനായുള്ള അപേക്ഷകൾ സ്വമേധയാ ഉപേക്ഷിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് 10,000 യൂറോ (ഏകദേശം പത്തു ലക്ഷം രൂപ) വരെ ലഭിക്കും.
ഈ വർഷം സെപ്റ്റംബർ 28-ന് മുമ്പ് അയർലൻഡിൽ അഭയം തേടിയവർക്കും നിലവിൽ പദവി സംബന്ധിച്ച തീരുമാനം കാത്തിരിക്കുന്നവർക്കുമാണ് ഈ വർദ്ധിപ്പിച്ച സഹായധനം ലഭിക്കുക. ഇതനുസരിച്ച്, സ്വമേധയാ മടങ്ങിപ്പോകുന്ന ഓരോ വ്യക്തിക്കും 2,500 യൂറോ ലഭിക്കും. നേരത്തെ ഇത് 1,200 യൂറോ വരെയും കുടുംബങ്ങൾക്ക് 2,000 യൂറോ വരെയും ആയിരുന്നു. വിമാന ടിക്കറ്റിനുള്ള തുക പൂർണ്ണമായും സൗജന്യമായിരിക്കും.
സ്വമേധയാ മടങ്ങിപ്പോകുന്നവർക്ക് അവരുടെ രാജ്യങ്ങളിൽ വിദ്യാഭ്യാസം നേടുന്നതിനോ ചെറുകിട ബിസിനസ്സ് തുടങ്ങുന്നതിനോ വേണ്ടി പുനഃസംയോജന അലവൻസ് (Re-integration Allowance) എന്ന നിലയിലാണ് ഈ തുക നൽകുന്നത്. നാടുകടത്തൽ പ്രക്രിയയേക്കാൾ സമയവും ചെലവും കുറഞ്ഞ മാർഗ്ഗം എന്ന നിലയിലാണ് സർക്കാർ ഈ പദ്ധതിക്ക് മുൻഗണന നൽകുന്നത്.
ജസ്റ്റിസ് വകുപ്പിൻ്റെ കണക്കനുസരിച്ച്, ഈ വർഷം സെപ്റ്റംബർ 19 വരെ 1,159 പേർ സ്വമേധയാ അയർലൻഡ് വിട്ടുപോയിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 129% വർദ്ധനവാണ്.
കുടിയേറ്റ സംവിധാനം കാര്യക്ഷമമാക്കുന്നതിൽ നാടുകടത്തലിന് പ്രധാന പങ്കുണ്ടെങ്കിലും, അത് ചെലവേറിയതും സമയമെടുക്കുന്നതുമാണെന്ന് ധനമന്ത്രി പാസ്‌കൽ ഡോണോ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ, രാജ്യം വിട്ടുപോകേണ്ടി വരുന്നവർക്ക് അത് സമയബന്ധിതമായി നിർവഹിക്കാൻ സഹായിക്കുന്ന ബദൽ മാർഗ്ഗമാണ് ജസ്റ്റിസ് മന്ത്രി ജിം ഒ’കല്ലഗൻ തേടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
എങ്കിലും, അയർലൻഡിൽ തുടർന്നാൽ ലഭിക്കാനിടയുള്ള ആനുകൂല്യങ്ങൾ പരിഗണിച്ച്, അഭയാർഥികൾ ഈ വാഗ്ദാനങ്ങൾ സ്വീകരിച്ച് മടങ്ങിപ്പോകാനുള്ള സാധ്യത കുറവാണെന്ന അഭിപ്രായവും പൊതുവിലുണ്ട്. യഥാർത്ഥത്തിൽ സംരക്ഷണം ആവശ്യമില്ലാത്തവരെ ഈ പ്രക്രിയയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ലക്ഷ്യബോധമുള്ള നടപടിയാണ് ഇതെന്നും, സെപ്റ്റംബർ 28-ന് ശേഷം അപേക്ഷിക്കുന്നവർക്ക് ഈ ഉയർന്ന നിരക്കിലുള്ള സഹായം ലഭ്യമാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

