ഡബ്ലിൻ: സ്‌കൂളുകൾ പുതിയ അധ്യയന വർഷത്തിനായി ഒരുങ്ങുന്നതിനിടെ, രാജ്യത്തെ ആയിരക്കണക്കിന് സ്‌കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരും അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. പൊതുമേഖലാ ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷനും മറ്റ് സേവന-വേതന വ്യവസ്ഥകളും ആവശ്യപ്പെട്ടാണ് ഫോർസ (Fórsa) യൂണിയന്റെ നേതൃത്വത്തിൽ സമരം. അടുത്ത വ്യാഴാഴ്ച മുതൽ സമരം ആരംഭിക്കുമെന്ന് യൂണിയൻ അറിയിച്ചു.
ഏകദേശം 2,600 അംഗങ്ങളാണ് സമരത്തിൽ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ-പരിശീലന ബോർഡ് ഇല്ലാത്ത സ്കൂളുകളെ ഇത് കാര്യമായി ബാധിക്കും. പെൻഷൻ അവകാശങ്ങൾ, രോഗാവധി, മരണാനന്തര അവധി തുടങ്ങിയ അവശ്യ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. ഒരുമിച്ച് ജോലി ചെയ്യുന്ന അധ്യാപകർക്കും സ്‌പെഷ്യൽ നീഡ്സ് അസിസ്റ്റന്റുമാർക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു.
ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന സമീപനം “ആസൂത്രിതവും അസമത്വം നിലനിർത്താൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന്” ഫോർസ യൂണിയൻ ദേശീയ സെക്രട്ടറി ആൻഡി പൈക്ക് പറഞ്ഞു. പല തലമുറകളായിട്ടുള്ള സ്‌കൂൾ ജീവനക്കാർക്ക് വിരമിക്കൽ കാലത്ത് സുരക്ഷിതമായ വരുമാനം നിഷേധിക്കുന്ന നയമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമരം ആരംഭിക്കുന്ന ആദ്യ ദിവസം, ഡബ്ലിനിലെ മെറിയോൺ സ്ട്രീറ്റിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് എക്സ്പെൻഡിച്ചറിന് മുന്നിൽ ജീവനക്കാർ റാലി നടത്താനും പദ്ധതിയിട്ടിട്ടുണ്ട്. അതേസമയം, തർക്കം പരിഹരിക്കാൻ അർത്ഥവത്തായ ചർച്ചകൾക്ക് ഇപ്പോഴും തയ്യാറാണെന്ന് ഫോർസ യൂണിയൻ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തിന് സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഈ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളിൽ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്റെ ശമ്പള പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയതായും, മെച്ചപ്പെട്ട അവധികൾ, പ്രസവാവധി ആനുകൂല്യങ്ങൾ തുടങ്ങിയവ നൽകിയതായും വകുപ്പ് വ്യക്തമാക്കി. തർക്കം പരിഹരിക്കാനായി വിഷയം വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷന് (WRC) കൈമാറിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.