ഡബ്ലിൻ, അയർലൻഡ് – യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ ഈ മാസം 19 മുതൽ 24 വരെ അയർലൻഡ് സന്ദർശിക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. അയർലൻഡിലെ വിശ്വാസ സമൂഹത്തെ സന്ദർശിക്കുന്നതിനും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനുമായാണ് ബാവയുടെ പര്യടനം.
നാളെ (സെപ്റ്റംബർ 19) അയർലൻഡിലെത്തുന്ന ബാവയ്ക്ക് അയർലൻഡ് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ അലക്‌സന്ത്രയോസ്, ഭദ്രാസന ഭാരവാഹികളായ ഫാ. ജിനോ ജോസഫ്, ഫാ. ഡോ. ജോബി സ്കറിയ, ട്രഷറർ സുനിൽ എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകും. അതേ ദിവസം തന്നെ കോർക്കിലെ സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രത്യേക സ്വീകരണവും സന്ധ്യാ പ്രാർത്ഥനയും നടക്കും.
സെപ്റ്റംബർ 20-ന് വൈകുന്നേരം 4 മണിക്ക് അയർലൻഡിലെ ചരിത്ര പ്രസിദ്ധവും പുണ്യ പുരാതനവുമായ നോക്ക് ബസിലിക്കയിൽ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ വിശുദ്ധ കുർബാന അർപ്പിക്കും.

വിശ്വാസികളെ ആത്മീയമായി ശക്തിപ്പെടുത്തുക, ഭദ്രാസനത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തുക, വിവിധ ദേവാലയങ്ങളിൽ ആരാധനകൾക്ക് നേതൃത്വം നൽകുക എന്നിവയാണ് ബാവയുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. മലയാളി യാക്കോബായ സമൂഹത്തിന് ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്.
അയർലൻഡിലെ യാക്കോബായ സഭയുടെ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള ഒരു സംഭവമായാണ് ഈ സന്ദർശനത്തെ സമൂഹം കാണുന്നത്. ബാവയുടെ സന്ദർശനം വിശ്വാസികൾക്ക് വലിയ അനുഗ്രഹമാകും എന്ന് ഭദ്രാസന നേതൃത്വം അറിയിച്ചു. സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി ഒരു പത്തംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സന്ദർശനം സെപ്റ്റംബർ 24-ന് സമാപിക്കും.


