മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താര വിമാനം “സുരക്ഷാ ആശങ്ക” കാരണം വെള്ളിയാഴ്ച തുർക്കിയുടെ കിഴക്കൻ മേഖലയിലെ എർസുറം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി എയർലൈൻ അറിയിച്ചു. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം റൂട്ട് മാറ്റി അടിയന്തിരമായി ലാൻഡ് ചെയ്തതെന്നാണ് വിവരം.
ഭീഷണി വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് സന്ദേശത്തിൻ്റെ രൂപത്തിൽ ക്യാബിൻ ക്രൂ അംഗത്തിന് ലഭിച്ചതായാണ് പുറത്തുവന്ന വിവരം. മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് സർവീസ് നടത്തുന്ന വിസ്താര ഫ്ലൈറ്റ് യുകെ 27 ആണ് തുർക്കിയിലേക്ക് വഴിതിരിച്ചുവിട്ടത്. വിമാനം സുരക്ഷിതമായി എർസുറം വിമാനത്താവളത്തിൽ ഇറക്കി. പ്രോട്ടോക്കോൾ അനുസരിച്ച്, ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കുകയും നിർബന്ധിത സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്‌തു – വിസ്താര വക്താവ് പറഞ്ഞു.
തുർക്കിയിലെ വിമാനത്താവളത്തിൽ ഇറക്കിയതിന് പിന്നാലെ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. പിന്നാലെ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിമാനം പരിശോധിക്കാൻ ബോംബ് നിർവീര്യമാക്കൽ ടീമുകൾ എത്തി. എർസുറം വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു.
സുരക്ഷാ പരിശോധന പൂർത്തിയായാൽ, വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് പറക്കാൻ അനുവദിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി, നിരവധി ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണികൾ ലഭിക്കുന്നുണ്ട്.