കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) മുഖേന ജർമ്മനിയില്‍ തൊഴില്‍ അവസരം. നഴ്സുമാർക്കാണ് നിലവിലെ അവസരം. ഈ തസ്തികയിലെ ജോലി ആഗ്രഹിക്കുന്നവർക്കായി അനുബന്ധ ജർമ്മൻ ഭാഷാ പരിശീലനവും ഒഡെപെക് വഴി ലഭിക്കും.
വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയിലായിരിക്കും നിയമനം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. നവംബർ മാസത്തിലായിരിക്കും അഭിമുഖം. നഴ്‌സിംഗിൽ ബിരുദം അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിംഗ്, ജനറൽ നഴ്‌സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
പ്രവർത്തിപരിചയം ആവശ്യമില്ല. പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും ഒഴിവുകള്‍ ലഭ്യമാണ്. പ്രായപരി 40 വയസ്സ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 10000 രൂപ പ്രതിമാസ സ്റ്റൈപ്പന്റോടെ (A1 മുതൽ B2 ലെവൽ വരെ) ഓഫ്‌ലൈൻ ജർമ്മൻ ഭാഷാ പരിശീലനം സൗജന്യമായി നൽകും (നിബന്ധനകൾ ബാധകം).
2400 മുതല്‍ 4000 യൂറോവരെയാണ് മാസ ശമ്പളം. അതായത് 2.11 ലക്ഷം മുതല്‍ 3.52 ലക്ഷം വരെ ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. കരാർ കാലാവധി നീട്ടി നല്‍കുന്നതായിരിക്കും. ആഴ്ചയില്‍ 38.5 മണിക്കൂറായിരിക്കും ജോലി. ചില ആശുപത്രികള്‍ ആഴ്ചയില്‍ 40 മണിക്കൂർ വരെ ജോലി ആവശ്യപ്പെടുന്നുണ്ട്.
വിമാന ടിക്കറ്റ്, വിസ എന്നിവ സൗജന്യമായിരിക്കും. നിബന്ധനകള്‍ക്ക് ബാധകമായി B2 ലെവൽ സർട്ടിഫിക്കറ്റ് നേടുന്നതിന് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം, സൗജന്യ വിസ പ്രോസസ്സിംഗ്, ജർമ്മൻ ഗവൺമെന്റ് അതോറിറ്റിയുടെ സൗജന്യ ഡോക്യുമെന്റ് പരിഭാഷയും പരിശോധനയും, ജർമ്മൻ ജീവിതശൈലിയുടെ സൗജന്യ പരിശീലനം, ആദ്യ ശ്രമത്തിൽ തന്നെ B2 ലെവൽ വിജയിക്കുന്നവർക്ക് 400 യൂറോ സമ്മാനം എന്നിവയും ലഭക്കും.
കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/jobs/nurses-to-germany/ എന്ന വെബ്സൈറ്റ് വഴി ബന്ധപ്പെടാം.