ഡബ്ലിൻ — അയർലൻഡിലെ ദേശീയ പോലീസ് സേനയായ ആൻ ഗാർഡാ സീച്ചാനയുടെ (An Garda Síochána) ഭാഗമായ ഗാർഡാ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോ (GNIB) തിങ്കളാഴ്ച നടത്തിയ ഓപ്പറേഷനിലൂടെ 52 വ്യക്തികളെ രാജ്യത്തുനിന്ന് നീക്കം ചെയ്തു.
നീക്കം ചെയ്തവരിൽ 35 പുരുഷന്മാരും 10 സ്ത്രീകളും ഏഴ് കുട്ടികളും ഉൾപ്പെടുന്നു. നീക്കം ചെയ്ത കുട്ടികളെല്ലാം കുടുംബ ഗ്രൂപ്പുകളുടെ ഭാഗമാണെന്ന് ഗാർഡാ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോ അറിയിച്ചു.
ഈ 52 പേരെയും ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം പുറപ്പെട്ട ജോർജിയയിലേക്കുള്ള ഒരു ചാർട്ടർ വിമാനത്തിലാണ് കൊണ്ടുപോയത്. വിമാനം ചൊവ്വാഴ്ച അതിരാവിലെ ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിയിൽ സുരക്ഷിതമായി എത്തിച്ചേർന്നു.
അഭയം നിഷേധിക്കപ്പെട്ടവരെ രാജ്യത്തുനിന്ന് നീക്കം ചെയ്യാൻ ഈ വർഷം ചാർട്ടർ വിമാനം ഉപയോഗിക്കുന്ന ആറാമത്തെ തവണയാണിത്. കുടിയേറ്റ നയം നടപ്പിലാക്കുന്നതിൽ നീതിന്യായ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് ആൻ ഗാർഡാ സീച്ചാന അറിയിച്ചു.
നീതിന്യായ വകുപ്പ് മന്ത്രി ജിം ഓ’കാളഗൻ, 2025-ന്റെ ശേഷിക്കുന്ന മാസങ്ങളിലും നാടുകടത്തലുകളും (deportations) നീക്കം ചെയ്യലുകളും തുടരുമെന്ന് പ്രസ്താവിച്ചു.

