എഎ അയർലണ്ടിൻ്റെ ഏറ്റവും പുതിയ സർവേ പ്രകാരം ഈ വർഷം പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്ന നിലയിലെത്തി.
മാർച്ചിലെ ഇടിവിന് ശേഷം കഴിഞ്ഞ ഏതാനും ആഴ്ചകളായി പെട്രോൾ, ഡീസൽ വിലകൾ വർധിച്ചതായി AA സർവേ വെളിപ്പെടുത്തി.
ഏപ്രിലിൽ പെട്രോൾ വില ലിറ്ററിന് 1.81 യൂറോയായപ്പോൾ ഡീസൽ വില ലിറ്ററിന് 1.78 യൂറോയായി ഉയർന്നു.
ജനുവരിയെ അപേക്ഷിച്ച് പെട്രോൾ വിലയിൽ ഏകദേശം 13 സെൻറ് വർധിച്ചു. ഡീസൽ വിലയിൽ ഒമ്പത് പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഏപ്രിൽ ഒന്നിന് സർക്കാർ എക്‌സൈസ് തീരുവ പുനഃസ്ഥാപിച്ചതിന് ശേഷമാണ് ഇന്ധന വിലയിൽ വർധനയുണ്ടായതെന്ന് എഎ വിശദീകരിച്ചു. ഇന്ധനം, സിഗരറ്റ്, മദ്യം തുടങ്ങിയ ചില ഉൽപ്പന്നങ്ങളുടെ വിൽപനയ്‌ക്ക് എക്‌സൈസ് ഡ്യൂട്ടി ഒരു നിശ്ചിത ചാർജാണ്.
ആഗസ്റ്റ് ഒന്നിന് എക്സൈസ് തീരുവ പൂർണമായും പുനഃസ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നു. അതോടെ പെട്രോളിന് നാല് സെൻ്റും ഡീസലിന് മൂന്ന് സെൻ്റും വർധിപ്പിക്കും. കൂടാതെ, ഒക്ടോബറിൽ ഒരു കാർബൺ നികുതി കൂടി നിലവിൽവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വർഷാവസാനം ആവുമ്പോളേക്കും ഇന്ധന വില വീണ്ടും വർധിക്കാൻ ഇടയാക്കും.
അതേസമയം, വൈദ്യുത വാഹനങ്ങളുടെ ഇന്ധനച്ചെലവ് ഈ മാസം താരതമ്യേന സ്ഥിരത നിലനിർത്തി. ഇപ്പോളത്തെ നിലയിൽ പ്രതിവർഷം ദേശീയ ശരാശരിയായ 17,000 കിലോമീറ്റർ ഓടുന്നതിന് EV ഉടമകൾക്ക് €926 ചിലവാകും.
വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവും മൊത്തത്തിലുള്ള ജീവിതച്ചെലവും കണക്കിലെടുത്ത് എല്ലാ ഓപ്ഷനുകളും പരിഗണിക്കാൻ AA അയർലണ്ടിൻ്റെ മാർക്കറ്റിംഗ് & പിആർ മേധാവി ജെന്നിഫർ കിൽഡഫ് ഉപഭോക്താക്കളെ ഉപദേശിച്ചു. ഡ്രൈവിംഗ് ശീലങ്ങൾ അവലോകനം ചെയ്യാനും വാഹനങ്ങൾ നന്നായി പരിപാലിക്കാനും ടയർ പ്രഷർ പതിവായി പരിശോധിക്കാനും ഇന്ധനം ലാഭിക്കാനുള്ള വഴികൾ അവർ നിർദ്ദേശിച്ചു.
മോട്ടോർവേയുടെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചാൽ ഇന്ധനച്ചെലവ് 29% വരെ കുറയ്ക്കാൻ കഴിയുമെന്ന് കാണിച്ച് ദി എഎ നടത്തിയ ഒരു പരീക്ഷണവും അവർ പരാമർശിച്ചു.