ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ നിയന്ത്രണങ്ങൾ അയർലൻഡിലെ മത്സ്യബന്ധന മേഖലയെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഇത് രാജ്യത്ത് മത്സ്യവില വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും, പ്രാദേശിക വ്യവസായങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യൻ അസോസിയേഷൻ ഓഫ് ഫിഷ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻസിന്റെ (EAPO) കില്ലിബെഗ്‌സിൽ നടന്ന വാർഷിക യോഗത്തിലാണ് ഈ വിഷയങ്ങൾ പ്രധാന ചർച്ചാവിഷയമായത്. 3,700-ൽ അധികം കപ്പലുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.
മത്സ്യങ്ങളുടെ പരിശോധന, സാമ്പിളിംഗ് രീതി എന്നിവയിലെ അനാവശ്യമായ ചെലവുകൾ മത്സ്യങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് EAPO പ്രസിഡന്റ് എസ്ബൻ സ്വെർഡ്രപ്പ്-ജെൻസൻ അഭിപ്രായപ്പെട്ടു. 2026-27 കാലയളവിൽ നടപ്പാക്കാൻ പോകുന്ന പുതിയ നിയമങ്ങൾ “പ്രായോഗികമല്ല” എന്ന് അദ്ദേഹം പറഞ്ഞു. പരിശോധനകളും കാത്തിരിപ്പും ഇരട്ടിയാകുന്നത് അനാവശ്യമായ നടപടികളാണെന്നും, ഇത് മത്സ്യവില ഗണ്യമായി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ മത്സ്യബന്ധന മേഖലയിലെ കപ്പൽ ഉടമകളും ജീവനക്കാരും ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സ്യത്തിന്റെ ലഭ്യതക്കുറവ് അയർലണ്ടിലെ പ്രാദേശിക ബിസിനസ്സുകൾക്ക് ഇതിനകം തന്നെ തിരിച്ചടിയായതായി അയർലണ്ടിൽ നിന്നുള്ള പ്രതിനിധികൾ വെളിപ്പെടുത്തി. വിതരണത്തിലെ സ്ഥിരതയില്ലായ്മ കാരണം അമേരിക്കൻ വിപണി നഷ്ടപ്പെട്ടതായും അവർ ചൂണ്ടിക്കാട്ടി. സീൻ വാർഡ് ഫിഷ് എക്‌സ്‌പോർട്സ് എന്ന പ്രധാന ഫാക്ടറി കഴിഞ്ഞ മാർച്ചുമുതൽ അടഞ്ഞുകിടക്കുകയാണ്. മാസങ്ങളായി മത്സ്യം ലഭിക്കാത്തതാണ് ഇതിന് കാരണം. പുതിയ നിയമങ്ങൾ വരുന്നതോടെ തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയും അവർ പങ്കുവെച്ചു.
അയർലണ്ട് പ്രധാനമായും സാൽമൺ, കോഡ് തുടങ്ങിയ മത്സ്യങ്ങൾ യുകെ, ഫ്രാൻസ്, നോർവേ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. അതേസമയം, അയർലണ്ടിന്റെ കടലുകളിൽ മത്തിയും അയലയും പോലുള്ള മത്സ്യങ്ങൾ ധാരാളമായി ലഭ്യമാണ്. എന്നിട്ടും പ്രാദേശിക ആവശ്യകത, കാലാവസ്ഥാ സ്വാധീനം, പ്രോസസ്സിംഗ് ആവശ്യങ്ങൾ എന്നിവ കണക്കിലെടുത്ത് ചെറിയ അളവിൽ ഈ മത്സ്യങ്ങൾ സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. 2023-ൽ ഒരു മില്യൺ യൂറോയിൽ അധികം മൂല്യമുള്ള മത്തി അയർലണ്ടിൽ നിന്ന് കയറ്റുമതി ചെയ്തിരുന്നു.