ഡൊണഗൽ: കുട്ടിക്കാലത്ത് ഒരു വൈദികനാൽ ലൈംഗിക പീഡനത്തിനിരയായ രണ്ട് സഹോദരിമാർക്ക് അയർലൻഡിലെ ഡൊണഗൽ രൂപത (Diocese of Raphoe) പരസ്യമായി മാപ്പപേക്ഷിച്ചു. ഈ ക്ഷമാപണം തങ്ങളുടെ ജീവിതത്തിലെ വേദന നിറഞ്ഞ അധ്യായത്തിന് അറുതി വരുത്താൻ സഹായിക്കുമെന്നാണ് സഹോദരിമാരായ മാർഗരറ്റും പൗല മാർട്ടിനും പ്രത്യാശ പ്രകടിപ്പിച്ചത്.
1971-നും 1975-നും ഇടയിലാണ് വൈദികനായിരുന്ന കോൺ കണ്ണിംഗ്ഹാം മാർഗരറ്റിനെയും പൗലയെയും ലൈംഗികമായി പീഡിപ്പിച്ചത്. അന്ന് മാർഗരറ്റിന് 11-നും 13-നും ഇടയിലും പൗലയ്ക്ക് 9-നും 12-നും ഇടയിലുമായിരുന്നു പ്രായം.
2021 ജൂലൈയിൽ, എട്ട് കേസുകളിൽ കണ്ണിംഗ്ഹാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും 15 മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
നിയമപരമായ സംരക്ഷണം ഉപേക്ഷിച്ച്, തങ്ങളെ പീഡിപ്പിച്ച വൈദികന്റെ പേര് പരസ്യമായി വെളിപ്പെടുത്താൻ മാർഗരറ്റും പൗലയും തയ്യാറായി. ഇത് സമാന അനുഭവങ്ങൾ നേരിട്ടവർക്ക് ധൈര്യം നൽകി.
2022 മാർച്ചിൽ കണ്ണിംഗ്ഹാമിനെ പുരോഹിത പദവിയിൽ നിന്ന് സഭ പുറത്താക്കി (Laicised).
തിങ്കളാഴ്ചയാണ് ഡൊണഗൽ രൂപത മാർഗരറ്റിനും പൗലയ്ക്കും പരസ്യമായി മാപ്പപേക്ഷിച്ചത്. പീഡനത്തിലൂടെ അവർക്ക് സംഭവിച്ച ആഘാതത്തിനും മാനസിക വ്യഥയ്ക്കും മോൺസിഞ്ഞോർ കെവിൻ ഗില്ലെസ്പി രൂപതക്ക് വേണ്ടി മാപ്പ് പറഞ്ഞു.
തങ്ങളുടെ അഭിഭാഷകർ വഴി പുറത്തിറക്കിയ പ്രസ്താവനയിൽ മാർഗരറ്റും പൗലയും കുടുംബാംഗങ്ങൾക്കും ചികിത്സ നൽകിയ ഡോക്ടർമാർക്കും നിയമസംഘത്തിനും നന്ദി അറിയിച്ചു. ഈ വിഷയത്തിൽ ഇടപെടാൻ ധൈര്യം കാണിച്ച രൂപതയുടെ പ്രതിനിധികളായ മോൺസിഞ്ഞോർ കെവിൻ ഗില്ലെസ്പി, ബിഷപ്പ് അലൻ മക് ഗക്കിയൻ, ബിഷപ്പ് ഫിലിപ്പ് ബോയ്സ് എന്നിവരോടും അവർ നന്ദി പറഞ്ഞു.
“ഞങ്ങൾക്ക് സംസാരിക്കാനുള്ള ധൈര്യം തന്നത് നിങ്ങൾക്കാണ്,” മറ്റൊരു കേസിൽ കണ്ണിംഗ്ഹാമിനെതിരെ ആദ്യമായി കേസ് കൊടുത്ത ധീരയായ വ്യക്തിയെയും സഹോദരിമാർ പ്രശംസിച്ചു. പരസ്പരം താങ്ങും തണലുമായി നിന്നതിന് അവർ അന്യോന്യം നന്ദി പറഞ്ഞു. ഈ അധ്യായം അടച്ചുപൂട്ടി മുന്നോട്ട് പോകാൻ തങ്ങൾ ആഗ്രഹിക്കുന്നതായും സഹോദരിമാർ വ്യക്തമാക്കി.
സഹോദരിമാർ ഉന്നയിച്ച ചില ആരോപണങ്ങൾ രൂപത അംഗീകരിച്ചു. 1994-ൽ ഈ വിഷയം ആദ്യമായി അന്നത്തെ ബിഷപ്പ് സീമസ് ഹെഗാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അവരുടെ വാക്കുകൾ സത്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാൽ ഇക്കാര്യം അവരെ അറിയിക്കാൻ രൂപതക്ക് കഴിഞ്ഞില്ല. ഇത് അവർക്ക് കൂടുതൽ മാനസിക പ്രയാസങ്ങൾ ഉണ്ടാക്കി. 2002-ൽ മാത്രമാണ് രൂപത ആദ്യമായി പോലീസിനെ വിവരമറിയിച്ചത്. ഈ കാലതാമസം കാരണം 2002-ൽ ക്രിമിനൽ പരാതിയുമായി മുന്നോട്ട് പോകാൻ തങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് സഹോദരിമാർ വെളിപ്പെടുത്തി.
എന്നിരുന്നാലും, തങ്ങൾ ആവശ്യപ്പെട്ട മൂന്ന് കാര്യങ്ങൾ കണ്ണിംഗ്ഹാം അംഗീകരിച്ചപ്പോൾ കേസ് പിൻവലിക്കാൻ അവർ തയ്യാറായി. പള്ളിവികാരി സ്ഥാനം രാജിവെക്കുക, കുട്ടികളുമായി ഇടപെടുന്നത് നിർത്തുക, പരാതികൾക്ക് ഔദ്യോഗികമായി മറുപടി നൽകുക എന്നിവയായിരുന്നു ആ ആവശ്യങ്ങൾ. 2002-നും 2018-നും ഇടയിൽ കണ്ണിംഗ്ഹാമിനെ നിരീക്ഷിക്കുന്നതിൽ രൂപതയ്ക്ക് വീഴ്ച സംഭവിച്ചെന്നും കൂടുതൽ കുട്ടികൾക്ക് പീഡനത്തിനിരയാകാൻ സാധ്യതയുണ്ടായിട്ടുണ്ടോ എന്ന് തങ്ങൾക്ക് ആശങ്കയുണ്ടെന്നും സഹോദരിമാർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ തങ്ങൾക്ക് സംഭവിച്ച വീഴ്ചകളെല്ലാം ഏറ്റുപറഞ്ഞ് രൂപത പൂർണ്ണമായ ക്ഷമാപണം നടത്തുകയും സഹോദരിമാർക്ക് തങ്ങളുടെ വേദനയിൽ നിന്ന് മോചനം നേടാൻ ഈ മാപ്പപേക്ഷ സഹായിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു.