വാട്ടർഫോർഡ്: അയർലൻഡിന്റെ മണ്ണിൽ കേരളത്തിന്റെ ഓണപ്പൊലിമ തീർക്കാൻ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) ഒരുങ്ങുന്നു. അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷമായ ‘ശ്രാവണം-25’, സെപ്റ്റംബർ 14 ഞായറാഴ്ച വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറും.
മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ലോക്കൽ ഗവൺമെൻ്റ് ആൻഡ് പ്ലാനിങ് മന്ത്രിയായ ജോൺ കുമ്മിൻസ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വാട്ടർഫോർഡിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ WMA-യുടെ പതിനെട്ടാമത് ഓണാഘോഷമാണിത്.

രാവിലെ 10 മണിക്ക് അത്തപ്പൂക്കളം ഒരുക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന്, കാണികളുടെ കണ്ണും കാതും നിറയ്ക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. മാവേലി മന്നന്റെ രാജകീയ എഴുന്നള്ളത്ത്, കാതുകൾക്ക് ഇമ്പമേകുന്ന ചെണ്ടമേളം, തനിമ വിളിച്ചോതുന്ന തിരുവാതിരക്കളി, ചടുലമായ ഫ്ലാഷ്‌മോബ്, ഗ്രൂപ്പ് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, വേദിയിൽ അഴക് വിടർത്തുന്ന ഫാഷൻ ഷോ, ആവേശം വാനോളമുയർത്തുന്ന വടംവലി, മലയാളി മങ്ക-മാരൻ മത്സരങ്ങൾ തുടങ്ങിയവ ഓണാഘോഷത്തിന് മാറ്റുകൂട്ടും.
അയർലൻഡിലെ പ്രശസ്തമായ ഹോളിഗ്രെയിൽ റെസ്റ്റോറൻ്റ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയാണ് ആഘോഷങ്ങളിലെ പ്രധാന ആകർഷണം. തൂശനിലയിൽ വിളമ്പുന്ന തനത് കേരളീയ വിഭവങ്ങൾ ഓണാഘോഷത്തിന് പൂർണ്ണതയേകും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
ഓണാഘോഷത്തിന് മുന്നോടിയായി നടത്തിയ ഓഫ്-സ്റ്റേജ് മത്സരങ്ങളായ കാരംസ്, ചെസ്സ്, ചീട്ടുകളി എന്നിവയിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. ‘മാറ്റ് ആൻഡ് ഗ്ലോസി ബ്ലൂചിപ്പ്’ ആണ് ‘ശ്രാവണം-25’ ന്റെ മുഖ്യ പ്രായോജകർ.
വാട്ടർഫോർഡിലെ എല്ലാ പ്രവാസി മലയാളികളെയും കുടുംബസമേതം ഓണാഘോഷത്തിൽ പങ്കുചേരാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി WMA കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം ഏഴുമണിയോടെ പരിപാടികൾ സമാപിക്കും.