ഡബ്ലിൻ: അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന് നേരെ വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു. അടുത്തിടെ 22 വയസ്സുള്ള ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ഡബ്ലിനിൽ വെച്ച് നടന്ന കത്തി ആക്രമണം ഈ ഭയം കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്.
അക്രമത്തിന് ഇരയായ വിദ്യാർത്ഥി സംഭവം നടന്നത് തന്റെ വീടിന് സമീപത്തുവെച്ചാണെന്ന് വെളിപ്പെടുത്തി. ഏകദേശം 16-നും 19-നും ഇടയിൽ പ്രായമുള്ള മൂന്ന് കൗമാരക്കാർ തന്നെ വളഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതോടെ അവർ തന്നെ കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തു. ഭാഗ്യവശാൽ, മൂർച്ചയില്ലാത്ത കത്തിയായതുകൊണ്ട് വലിയ പരിക്കുകൾ ഉണ്ടായില്ല, പക്ഷേ ഈ സംഭവം തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്ന് വിദ്യാർത്ഥി പറഞ്ഞു.
ഈ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് വിദ്യാർത്ഥി ചൂണ്ടിക്കാട്ടി. അടുത്തിടെയായി ഇന്ത്യക്കാർക്ക് നേരെ, പ്രത്യേകിച്ച് ഡബ്ലിനിൽ, നടക്കുന്ന ആക്രമണങ്ങളുടെ എണ്ണവും ക്രൂരതയും വർധിച്ചിട്ടുണ്ട്. പോലീസുകാർ പലപ്പോഴും ഇതിനെ ഒരു സാധാരണ കുറ്റകൃത്യമായി മാത്രം കാണുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
“ഞങ്ങൾ അനധികൃത കുടിയേറ്റക്കാരല്ല. ഇവിടെ പഠിക്കാൻ വലിയ തുക ഫീസ് നൽകുന്നുണ്ട്. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ഐറിഷ് സർക്കാരിന്റെ ഉത്തരവാദിത്തമാണ്,” വിദ്യാർത്ഥി പറഞ്ഞു.
അയർലണ്ട് ഇന്ത്യ കൗൺസിൽ ചെയർമാനായ പ്രശാന്ത് ശുക്ലയും ഈ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഇത്തരം അക്രമങ്ങൾ ഐറിഷ് സംസ്കാരത്തിന് ചേർന്നതല്ലെന്നും, വിദേശ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകൾ വഴി നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി നീതിന്യായ, വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയതായും, ആവശ്യമെങ്കിൽ നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാണെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.