അമേരിക്കൻ ഗവൺമെന്റ് അടച്ചുപൂട്ടൽ തുടരുന്ന സാഹചര്യത്തിൽ, രാജ്യത്തെ 40 തിരക്കേറിയ എയർ ട്രാഫിക് മേഖലകളിലെ വിമാന സർവീസുകളുടെ ശേഷി നാളെ മുതൽ 10% കുറയ്ക്കാൻ യുഎസ് അധികൃതർ തീരുമാനിച്ചു. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് നടപടി.
സർക്കാർ അടച്ചുപൂട്ടൽ കാരണം 13,000 എയർ ട്രാഫിക് കൺട്രോളർമാരും 50,000 ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (TSA) ഏജന്റുമാരും ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. ഇത് സുരക്ഷാ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന രഹസ്യ സുരക്ഷാ റിപ്പോർട്ട് പരിഗണിച്ചാണ് നടപടിയെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി സീൻ ഡഫി അറിയിച്ചു.
- പദ്ധതി: എയർപോർട്ടുകളിലെ സർവീസ് കുറയ്ക്കുന്നത് നാളെ 4% മുതൽ ആരംഭിച്ച്, ശനിയാഴ്ച 5%, ഞായറാഴ്ച 6% എന്നിങ്ങനെ ഉയർത്തി അടുത്ത ആഴ്ച 10% ആയി നിജപ്പെടുത്തും.
- ഇളവ്: അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഈ കുറവിൽനിന്ന് ഇളവ് നൽകും.
- ബാധിക്കുന്ന മേഖലകൾ: ന്യൂയോർക്ക് സിറ്റി, വാഷിംഗ്ടൺ ഡിസി, ചിക്കാഗോ, ലോസ് ഏഞ്ചലസ്, ഡാലസ് എന്നിവിടങ്ങളിലെ തിരക്കേറിയ 30 എയർപോർട്ടുകൾ ഉൾപ്പെടെ 40 സ്ഥലങ്ങളെ ഈ തീരുമാനം ബാധിക്കാൻ സാധ്യതയുണ്ട്. ഏകദേശം 1,800 വിമാന സർവീസുകളെയും 2.68 ലക്ഷത്തിലധികം യാത്രക്കാരെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
- വിമാനക്കമ്പനികൾ: യുണൈറ്റഡ് എയർലൈൻസ് റീജിയണൽ, നോൺ-ഹബ് ആഭ്യന്തര റൂട്ടുകളിലെ സർവീസുകളാണ് പ്രധാനമായും കുറയ്ക്കുക. ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാർക്ക് പൂർണ്ണമായ റീഫണ്ട് നൽകുമെന്ന് യുണൈറ്റഡ് അറിയിച്ചിട്ടുണ്ട്.
ഗവൺമെന്റ് തുറക്കാൻ ഡെമോക്രാറ്റുകൾ സമ്മതിച്ചാൽ വിമാന വെട്ടിക്കുറയ്ക്കൽ തീരുമാനം പിൻവലിക്കാമെന്ന് ഡഫി പറഞ്ഞു. അതേസമയം, ചർച്ചയ്ക്ക് തയ്യാറാകാത്ത റിപ്പബ്ലിക്കൻമാരാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു.

