തിരക്കോട് തിരക്ക്; കമല്‍ ഹാസനൊപ്പമുള്ള ‘തഗ് ലൈഫി’ല്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തഗ് ലൈഫ്’. സൂപ്പര്‍ താരം കമല്‍ ഹാസല്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ നിന്നും മലയാളത്തിന്‍റെ യുവനടന്‍ ദുല്‍ഖര്‍ സമല്‍മാന്‍ പിന്മാറിയെന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.
മറ്റ് സിനിമകളുടെ തിരക്കുകള്‍ മൂലമാണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതേ കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. മാത്രമല്ല ഇക്കാര്യത്തെ കുറിച്ച് സംവിധായകനോ മറ്റ് അണിയറ പ്രവര്‍ത്തകരോ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം കമല്‍ ഹാസന്‍ സിനിമയുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍.
ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളുടെ ചിത്രീകരണത്തിനായി താരം ഏതാനും ദിവസങ്ങളായി സെര്‍ബിയയിലാണുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാനെത്തുന്നത്. മണിരത്‌നത്തിന്‍റെ ഒകെ കണ്‍മണിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ വേഷമിട്ടിട്ടുണ്ട്. ‘ചെക്ക ചിവന്ത വാനത്തി’ലേയ്ക്കും താരത്തിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ‘മഹാനടി’യുമായുള്ള ഷെഡ്യൂള്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് അത് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ലക്കി ഭാസ്‌കര്‍, സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ43 എന്നിവയാണ് ദുല്‍ഖര്‍ സല്‍മാന്‍റെ വരാനിരിക്കുന്ന ചിത്രം. കൂടാതെ സെല്‍വമണി സെല്‍വരാജിന്‍റെ വരാനിരിക്കുന്ന ചിത്രമായ കാന്തയില്‍ ദുല്‍ഖറും റാണ ദഗ്ഗുബതിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം തഗ് ലൈഫിന്‍റെ ആദ്യ ഷെഡ്യൂള്‍ ജനുവരി 30ന് അവസാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഷെഡ്യൂളില്‍ കമല്‍ ഹാസന്‍ , ജോജു ജോര്‍ജ്, അഭിരാമി എന്നിവരുടെ അത്യുഗ്രന്‍ ആക്ഷന്‍ സീനുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
1987ലെ ‘നായകന്’ എന്ന ചിത്രത്തിന് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. തൃഷ, ഐശ്വര്യ ലക്ഷ്‌മി, ജയം രവി, ജോജു ജോർജ്ജ്, നാസർ, ഗൗതം കാർത്തിക് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്. മണിരത്‌നം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എആര്‍ റഹ്‌മാനാണ്. ശ്രീകർ പ്രസാദ് എഡിറ്ററായ ചിത്രത്തില്‍ വികെ ചന്ദ്രനാണ് ഛായാഗ്രഹകന്‍. രാജ്‌കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.