ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രം പുസ്തക വിപണിയില്‍ ബെസ്റ്റ് സെല്ലര്‍ ആയി. പ്രശസ്ത ജീവചരിത്രകാരനായ വാള്‍ട്ടര്‍ ഐസക്‌സണ്‍ ആണ് മസ്‌കിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്. പുസ്തകം പുറത്തിറക്കിയ ആദ്യ ആഴ്ചയില്‍ തന്നെ 92,560 കോപ്പികളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.
അമേരിക്കന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വാള്‍ട്ടര്‍ ഐസക്‌സണ്‍
ടൈം മാഗസിന്റെ മുന്‍ എഡിറ്റര്‍ഇന്‍ചീഫ് കൂടിയാണ്. കോഡ് ബ്രേക്കര്‍, ലിയോനാര്‍ഡോ ഡാവിഞ്ചി, ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍, ഐന്‍സ്റ്റീന്‍ എന്നീ ജീവചരിത്ര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. സ്‌കൂളിലടക്കം ഏകാന്ത ജീവിതം നയിച്ചിരുന്ന ഒരു കുട്ടിയില്‍നിന്ന് ശതകോടീശ്വരനായ സംരംഭകനിലേക്കുള്ള മസ്‌കിന്റെ രൂപാന്തരവും വ്യക്തിബന്ധങ്ങളും എല്ലാം ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.
ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രത്തിന് ശേഷം പുറത്തിറക്കിയ ആഴ്ചയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റുപോകുന്ന പുസ്തകം എന്ന രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇപ്പോള്‍ മസ്‌കിന്റെ ജീവചരിത്രം. 2011 ല്‍ ഐസക്‌സണ്‍ തന്നെ രചന നിര്‍വഹിച്ച സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രം ആദ്യ ആഴ്ചയില്‍ ഏകദേശം 3,83,000 കോപ്പികളാണ് വില്‍ക്കപ്പെട്ടത്.