ചൈനയിൽ നിഗൂഢമായ ന്യുമോണിയ: കുട്ടികളിൽ ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ നടപടികൾ സ്വീകരിക്കാൻ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു.
റിപ്പോർട്ടുകൾ അനുസരിച്ച്, ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളുള്ള രോഗബാധിതരായ കുട്ടികളാൽ ചൈനീസ് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. WHO പറയുന്നതുപ്രകാരം നാഷണൽ ഹെൽത്ത് കമ്മീഷനിൽ നിന്നുള്ള ചൈനീസ് അധികാരികൾ നവംബർ 12-ന് നടത്തിയ പത്രസമ്മേളനത്തിൽ രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതായി അറിയിച്ചിരുന്നു. കോവിഡ് -19 നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതാണ് ഇതിന് കാരണമെന്ന് അവർ പറഞ്ഞു.
ഇൻഫ്ലുവൻസ, SARS-CoV-2 (കോവിഡ്-19-ന് കാരണമാകുന്ന വൈറസ്), ശിശുക്കളെ ബാധിക്കുന്ന RSV, മൈകോപ്ലാസ്മ ന്യുമോണിയ എന്നിവയുൾപ്പെടെ അറിയപ്പെടുന്ന രോഗകാരികളുടെ (പാതോജൻസ്) സമീപകാല ട്രെൻഡുകളെക്കുറിച്ച് WHO കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്.
ഇതുവരെ നമുക്ക് അറിയാവുന്നത് എന്തൊക്കെ?
- പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നതിന്റെ ആഗോള റിപ്പോർട്ടിംഗ് നടത്തുന്ന നിരീക്ഷണ സംവിധാനമായ പ്രോമെഡ് (ProMed), കുട്ടികളിലെ “നിർണ്ണയിക്കപ്പെടാത്ത ന്യുമോണിയ” യെക്കുറിച്ച് മുന്നറിയിപ്പ് നൽകി. പാൻഡെമിക് ലോകത്തെ കീഴടക്കുന്നതിന് വളരെ മുമ്പുതന്നെ 2019 ഡിസംബറിൽ SARs-CoV-2 നെ കുറിച്ച് പ്രോമെഡ് മുന്നറിയിപ്പ് നൽകിയിരുന്നു.
- ബീജിംഗിലെയും ലിയോണിംഗിലെയും ആശുപത്രികൾ ന്യുമോണിയ ബാധിതരായ കുട്ടികളുടെ ക്രമാതീതമായ വരവോടെ ബുദ്ധിമുട്ടുന്നതായി തായ്‌വാനീസ് എഫ്‌ടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു.
- ബെയ്ജിംഗും ലിയോണിംഗും പരസ്പരം 800 കിലോമീറ്റർ അകലെയായതിനാൽ, നിഗൂഢമായ ന്യുമോണിയയെ പ്രാദേശിക പകർച്ചവ്യാധിയായി കാണാനാവില്ല.
- ഔട്ബ്രേക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, രോഗികളായ കുട്ടികൾക്ക് ലക്ഷണങ്ങളോ ചുമയോ ഇല്ലെന്ന് FTV-യെ ഉദ്ധരിച്ച ആളുകൾ പറഞ്ഞു. എന്നാൽ അവർക്ക് ഉയർന്ന താപനിലയും പൾമണറി നോഡ്യൂളുകളും ഉണ്ട്.
- “പരമ്പരാഗത ചൈനീസ് മെഡിസിൻ ആശുപത്രികളിലും സെൻട്രൽ ഹോസ്പിറ്റലുകളിലും വലിയ ക്യൂവുകൾ ഉള്ളപ്പോൾ, ഡാലിയൻ ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ ലോബിയിൽ ഇൻട്രാവണസ് ഡ്രിപ്പ് സ്വീകരിക്കുന്ന രോഗികളായ കുട്ടികളാൽ നിറഞ്ഞിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിൽ 2 മണിക്കൂറോളം രോഗികൾ കാത്തുനിന്നതായി ഡാലിയൻ സെൻട്രൽ ഹോസ്പിറ്റലിലെ ജീവനക്കാർ റിപ്പോർട്ട് ചെയ്തു”, പ്രോമെഡ് മുന്നറിയിപ്പിൽ പറഞ്ഞു.
- ഔട്ബ്രേക്ക് പ്രധാനമായും സ്‌കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ചില അധ്യാപകർക്കും രോഗം ബാധിച്ചിട്ടുണ്ട്. ചില സ്കൂളുകൾ അടച്ചിട്ടു. എപ്പോഴാണ് പകർച്ചവ്യാധി ആരംഭിച്ചതെന്ന് അറിയില്ല.
- “നിർണ്ണയിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായതായി ഈ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ഈ ഔട്ബ്രേക്ക് എപ്പോഴാണ് ആരംഭിച്ചതെന്ന് വ്യക്തമല്ല, കാരണം ഇത്രയധികം കുട്ടികൾ ഇത്ര പെട്ടെന്ന് ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും,” പ്രോമെഡ് കുറിപ്പ് പറയുന്നു.
- എപ്പിഡെമിയോളജിസ്റ്റ് Eric-Feigl-Ding ആശുപത്രികളിൽ നിന്നുള്ള വീഡിയോകളും നാട്ടുകാരിൽ നിന്നുള്ള സന്ദേശങ്ങളും X-ലെ ഒരു നീണ്ട ത്രെഡിൽ പങ്കിടുകയും സാഹചര്യം വെളിവാക്കുകയും ചെയ്തു.
- “ബീജിംഗ് ശ്വാസകോശ സംബന്ധമായ അണുബാധകളുടെ പീക്ക് സീസണിൽ പ്രവേശിച്ചിരിക്കുന്നു, ഒന്നിലധികം രോഗകാരികൾ സഹചംക്രമണം ചെയ്യുന്നു” ഒരു ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത് ഒരു പുതിയ ഔട്ബ്രേക്കോ വാക്കിംഗ് ന്യുമോണിയയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർദ്ധനവോ ആകാം. ഇത് കർശനമായ കോവിഡ് ലോക്ക്ഡൗൺ ഇല്ലാത്ത ചൈനയിലെ ആദ്യത്തെ ശൈത്യകാലമായതിനാൽ സ്ഥിതിഗതികൾ വിലയിരുത്താൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണ്.