ഐറിഷ് ഭവന ഉടമകൾക്ക് ആശ്വാസകരമായ വാർത്തയുമായി യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി). ഒന്നിലേറെ തവണ പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ വരും മാസങ്ങളിൽ പ്രവചിക്കുന്നത്. യൂറോസോണിലുടനീളം പണപ്പെരുപ്പ നിരക്ക് പ്രകടമായ ഇടിവ് കാണിക്കുകയും കടമെടുപ്പ് ചിലവ് കുറയ്ക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.
യൂറോസോണിലെ പണപ്പെരുപ്പം 2022 ഒക്ടോബറിലെ 10.6% എന്ന കൊടുമുടിയിൽ നിന്ന് ഇപ്പോൾ ഏകദേശം 2% ആയി കുറഞ്ഞു. പണപ്പെരുപ്പത്തിലെ ഈ കുറവ് കടം വാങ്ങുന്നവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന് ഒന്നിലധികം നിരക്ക് കുറയ്ക്കൽ പരിഗണിക്കാൻ ECB-യെ പ്രേരിപ്പിക്കും. ECB-യുടെ ഗവേണിംഗ് കൗൺസിൽ അവരുടെ വരാനിരിക്കുന്ന മീറ്റിംഗുകളിൽ ഈ വെട്ടിക്കുറവുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ കുറവ് സെപ്റ്റംബറിൽ ഉണ്ടാകാനാണ് സാധ്യത. മറ്റൊന്ന് ഡിസംബറിൽ ഉണ്ടാകാനും സാധ്യതയുണ്ട്.
ട്രാക്കർ മോർട്ട്ഗേജ് ഹോൾഡർമാർക്കാണ് ഈ നിരക്ക് കുറയ്ക്കലുകളിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക. മോർട്ട്ഗേജ് മാർക്കറ്റിന്റെ നാലിലൊന്ന് പ്രതിനിധീകരിക്കുന്ന അയർലണ്ടിലെ ഏകദേശം 180,000 ഉപഭോക്താക്കൾക്ക് ട്രാക്കർ മോർട്ട്ഗേജുകൾ ഉണ്ട്. ഈ കടം വാങ്ങുന്നവർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ രണ്ട് പലിശ നിരക്ക് കുറയ്ക്കൽ പ്രതീക്ഷിക്കാം. സെപ്റ്റംബർ 18-ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പലിശ നിരക്കുകളിൽ ഇസിബിയുടെ സാങ്കേതിക ക്രമീകരണം, റീഫിനാൻസ് നിരക്കിനെ ഇസിബി ഡെപ്പോസിറ്റ് നിരക്കുമായി കൂടുതൽ വിന്യസിക്കും. അതിന്റെ ഫലമായി ട്രാക്കർ മോർട്ട്ഗേജ് ഹോൾഡർമാർക്ക് പലിശയിനത്തിൽ 0.35 വരെ കുറവുവരാം.
പ്രതീക്ഷിക്കുന്ന നിരക്ക് കുറയ്ക്കൽ വീട്ടുടമകൾക്ക് ഗണ്യമായ സാമ്പത്തിക ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ECB റീഫിനാൻസിംഗ് നിരക്കിലെ ഓരോ 0.25 ശതമാനം പോയിന്റ് കുറയ്ക്കലും, 15 വർഷത്തെ കാലയളവിൽ മോർട്ട്ഗേജിൽ കുടിശ്ശികയുള്ള ഓരോ 100,000 യൂറോയ്ക്കും പ്രതിമാസം ഏകദേശം €13 ലാഭിക്കാൻ സഹായിക്കും. ട്രാക്കർ മോർട്ട്ഗേജുകളുള്ള വീട്ടുടമകൾക്ക് അവരുടെ വാർഷിക തിരിച്ചടവ് ഓരോ 0.25 ശതമാനം പോയിന്റ് വെട്ടിക്കുറക്കിലിനും ഏകദേശം €156 കുറയുന്നത് കാണാം.
ജർമ്മനി, സ്പെയിൻ, അയർലൻഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന യൂറോസോൺ സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള സമീപകാല പണപ്പെരുപ്പ ഡാറ്റയാണ് നിരക്ക് കുറയ്ക്കാനുള്ള ഇസിബിയുടെ തീരുമാനത്തെ സ്വാധീനിക്കുന്നത്. ഇത് വില വർദ്ധനവിലെ മാന്ദ്യത്തെ സൂചിപ്പിക്കുന്നു. ഈ പ്രവണത സാമ്പത്തിക വിപണികളെ കൂടുതൽ നിരക്ക് കുറയ്ക്കലിലേക്ക് നയിക്കും. ഇൻവെസ്‌ടെക്കിൽ നിന്നുള്ള വിശകലന വിദഗ്ധർ പലിശ അടുത്ത മാസം 0.25 ശതമാനം കുറവും തുടർന്ന് ഡിസംബറിൽ മറ്റൊന്നും പ്രവചിക്കുന്നു. കൂടാതെ, ഇൻവെസ്‌ടെക് അടുത്ത വർഷം 1 ശതമാനം വരെ പലിശനിരക്ക് കുറയുമെന്നും പ്രതീക്ഷിക്കുന്നു. ഇത് മോർട്ടഗേജ് വാങ്ങുന്നവരുടെ സാമ്പത്തിക ബുദ്ധിമുട്ട് കൂടുതൽ ലഘൂകരിക്കാൻ സഹായകമാകും.