ഒക്ടോബർ മാസത്തിൽ മൊത്തം 4,273 മോർട്ട്ഗേജുകൾ അംഗീകരിച്ചു. ഫസ്റ്റ് ടൈം ബയേഴ്സിന് ഏകദേശം 63% മൂവർ പർച്ചേർസ് 21.7% എന്നീ നിലയിൽ ആണ്. കഴിഞ്ഞ 12 മാസത്തിനിടെ റീ-മോർട്ട്ഗേജിംഗ് കരാറുകളുടെ എണ്ണം 78 ശതമാനവും മൂല്യത്തിൽ 81.5 ശതമാനവും കുറഞ്ഞു.
“ഞങ്ങളുടെ ഏറ്റവും പുതിയ കണക്കുകൾ ഫസ്റ്റ് ടൈം ബയേഴ്സിനുള്ള (എഫ്‌ടിബി) മോർട്ട്‌ഗേജ് അപ്പ്രൂവലുകളിൽ തുടർച്ചയായ വളർച്ചയാണ് കാണിക്കുന്നത്. എഫ്‌ടിബി അവരുടെ സ്വന്തം വീടുകൾ വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ ഉള്ള മോർട്ട്‌ഗേജ്
അപ്പ്രൂവലുകളുടെ എണ്ണം ഒക്ടോബർ അവസാനിക്കുന്ന 12 മാസ കാലയളവിൽ 30,508 എന്ന റെക്കോർഡ് തലത്തിലേക്ക് ഉയർന്നു. അതേസമയം ആ അംഗീകാരങ്ങളുടെ മൂല്യം 8.7 ബില്യൺ യൂറോയിലേക്ക് എത്തി,” ബാങ്കിംഗ് & പേയ്‌മെന്റ് ഫെഡറേഷൻ അയർലൻഡ് (BPFI) സിഇഒ ബ്രയാൻ ഹെയ്സ് പറഞ്ഞു.
പ്രതിമാസ അടിസ്ഥാനത്തിൽ, മോർട്ട്ഗേജ് അംഗീകാരങ്ങൾ സെപ്തംബർ മുതൽ വോളിയത്തിലും മൂല്യത്തിലും 2.7% വർദ്ധിച്ചു. എന്നാൽ പ്രതിമാസം 2.7% വർദ്ധനവുണ്ടായിട്ടും, കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് മോർട്ട്ഗേജുകളുടെ മൊത്തം മൂല്യം 16.9% കുറവാണ്.
ശരാശരി എഫ്‌ടിബി മോർട്ട്ഗേജ് മൂല്യം 295,033 യൂറോ എന്ന പുതിയ ഉയരത്തിലെത്തി. 2022 ഒക്ടോബറിനേക്കാൾ 27,000 യൂറോ കൂടുതലാണ് ഇത് (€268,012).
ഒക്ടോബറിൽ പുതിയ ഭവന നിർമ്മാണം വീടുകളുടെ നിർമാണത്തിൽ വർദ്ധനവ്.
ഒക്ടോബറിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച പുതിയ വീടുകളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി. അധികാരികൾക്ക് സമർപ്പിച്ച കമൻസ്മെന്റ് നോട്ടീസുകളുടെ എണ്ണം 2,624 ആയിരുന്നു, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 17 എണ്ണം വർധിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ സമർപ്പിച്ച 1,841 നോട്ടീസുകളുമായി താരതമ്യം ചെയ്യുമ്പോൾ 43% വർദ്ധനവുണ്ട്. വർഷാരംഭം മുതൽ നിർമാണം ആരംഭിച്ച പുതിയ വീടുകളുടെയും അപ്പാർട്ടുമെന്റുകളുടെയും എണ്ണം ഇതോടെ 26,547 ആയി.
സൗത്ത് ഡബ്ലിൻ കൗണ്ടി ലോക്കൽ അതോറിറ്റി ഏരിയയിലാണ് ഈ മാസം ഏറ്റവും കൂടുതൽ കമൻസ്മെന്റ് നോട്ടീസുകൾ സമർപ്പിച്ചത്. അവിടെ 476 പേരാണ് നോട്ടീസ് സമർപ്പിച്ചത്. 315 പേർ നോട്ടീസ് സമർപ്പിച്ച ഡബ്ലിൻ സിറ്റി ആണ് രണ്ടാം സ്ഥാനത്ത്.
ഏറ്റവും കുറവ് നോട്ടീസ് സമർപ്പിക്കപ്പെട്ട കൗണ്ടി സ്ലൈഗോ ആണ്. അവിടെ രണ്ട് നോട്ടീസുകൾ മാത്രമാണ് സമർപ്പിച്ചത്.