ഇത്തവണത്തെ ഐറിഷ് ബജറ്റ് പാക്കേജ് മൊത്തം 6.4 ബില്യൺ യൂറോ ആയിരിക്കുമെന്നും, അതിൽ ചിലത് 1.1 ബില്യൺ നികുതി നടപടികൾക്കായി നീക്കിവെച്ചിരിക്കുകയാണെന്നും സമ്മർ ഇക്കണോമിക് സ്റ്റേറ്റ്മെന്റ് വെളിപ്പെടുത്തി.
വരാനിരിക്കുന്ന ബജറ്റും മുൻവർഷത്തേതിന് സമാനമായ സമീപനം പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പ വില സമ്മർദങ്ങൾ ഒഴിവാക്കിക്കൊണ്ട്, കുടുംബങ്ങളെ സന്തുലിതമാക്കുകയും, അവശ്യ അടിസ്ഥാന സൗകര്യങ്ങളും പൊതു സേവനങ്ങളും നൽകുക എന്നതുമാണ് ധനമന്ത്രിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
വരാനിരിക്കുന്ന ബജറ്റിനെ കുറിച്ചുള്ള സഖ്യകക്ഷികളുടെ അവസാന യോഗം സെപ്റ്റംബർ 26-ന് സമാപിച്ചിരുന്നു. ടീഷക് ലിയോ വരദ്കർ, ടാനൈസ്റ്റെ മൈക്കൽ മാർട്ടിൻ, ഗ്രീൻ പാർട്ടി നേതാവ് ഇമോൺ റയാൻ എന്നിവരും ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്തും പബ്ലിക് എസ്‌പെൻഡീച്ചർ മന്ത്രി പാസ്ചൽ ഡോനോഹോയും പങ്കെടുത്തിരുന്നു.
വരാനിരിക്കുന്ന ബജറ്റിൽ മുൻവർഷത്തെപ്പോലെ ഒറ്റത്തവണ നടപടികൾ ഉൾപ്പെടുത്തുന്നത് ബുദ്ധിയല്ലെന്ന് ടീഷക് ലിയോ വരദ്കർ പ്രസ്താവിച്ചു. സർക്കാർ ഇപ്പോഴും ചില ഒറ്റത്തവണ പിന്തുണ നൽകുമെങ്കിലും, 2023-ലെ ബജറ്റിൽ അവതരിപ്പിച്ചത് പോലെ അവ വിപുലമായിരിക്കില്ല. പണപ്പെരുപ്പം മൂലം ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയ പൊതു സേവനങ്ങൾക്ക് ധനസഹായം നൽകുന്നതിന് ബജറ്റിന്റെ വലിയൊരു ഭാഗം നീക്കിവെക്കുമെന്ന് വരദ്കർ സൂചിപ്പിച്ചു. കൂടാതെ, പൊതുമേഖലാ തൊഴിലാളികളുടെ ശമ്പള വർദ്ധനയെക്കുറിച്ചുള്ള ചർച്ചകൾ പുതിയ ശമ്പള ഇടപാടുമായി ബന്ധപ്പെട്ട് ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
എനർജി ക്രെഡിറ്റുകൾ
വരാനിരിക്കുന്ന ശൈത്യകാലത്ത് ഊർജ്ജ ബില്ലുകൾക്കായി പൊതുജനങ്ങൾക്ക് സഹായം നൽകേണ്ടതിന്റെ ആവശ്യകത കുറച്ച് മാസങ്ങളായി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഊർജ വില കുറയാൻ തുടങ്ങിയിട്ടുണ്ടെങ്കിലും അവ ഇപ്പോഴും ഗണ്യമായി ഉയർന്നതാണ്. ഈ വർഷം എനർജി ക്രെഡിറ്റ് നൽകാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെങ്കിലും കൃത്യമായ തുക അനിശ്ചിതത്വത്തിലാണ്. മുൻവർഷത്തെ ബജറ്റിൽ മൂന്ന് 200 യൂറോ ക്രെഡിറ്റുകൾ നൽകിയിരുന്നെങ്കിലും ഈ വർഷം അത്തരമൊരു ഉദാരമായ വിഹിതം ആവർത്തിക്കാൻ ഇടയില്ല.
മിനിമം വേതനം
കുറഞ്ഞ വേതനം € 11.30 ൽ നിന്ന് € 12.70 ആയി ഉയർത്താൻ ലോ പേ കമ്മീഷൻ നിദേശിച്ചിട്ടുണ്ട്. സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ലോ പേ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശം ഒരു മന്ത്രിയും നിരസിച്ചിട്ടില്ലാത്തതിനാൽ ഈ ശുപാർശ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്.
ടാക്സ് ബാന്റുകളിലെ മാറ്റം
2020 ജൂണിൽ ഫിയന്ന ഫെയ്ൽ, ഫൈൻ ഗെയ്ൽ, ഗ്രീൻ പാർട്ടി എന്നിവർ അംഗീകരിച്ച ഗവൺമെന്റിനായുള്ള പ്രോഗ്രാമിൽ ഇൻഡെക്സ് ടാക്സ് ബാന്റുകളുടെ പുനർഘടന ഉൾപ്പെടുത്തിയിരുന്നു. ഇത് ആളുകൾ ഉയർന്ന 40% നികുതി നിരക്ക് അടയ്ക്കാൻ തുടങ്ങുന്ന വരുമാന പരിധിയിൽ വർദ്ധനവുണ്ടാക്കാൻ ഇടയാക്കും. 40% നികുതി നിരക്കിൽ 50,000 യൂറോ എൻട്രി പോയിന്റിലെത്തുകയെന്ന ലക്ഷ്യത്തിന് അനുസൃതമായി, പരിധി 40,000 യൂറോയിൽ നിന്ന് 45,000 യൂറോയായി ഉയർത്തണമെന്ന് ഫൈൻ ഗെയ്ൽ വാദിക്കുന്നു. എന്നിരുന്നാലും, മുൻ വർഷം ഇത് 37,500 യൂറോയിൽ നിന്ന് 40,000 യൂറോയായി മാത്രമാണ് വർധിച്ചത്. ആയതിനാൽ 45,000 യൂറോയിലേക്കുള്ള കുതിപ്പ് ഒരുപക്ഷെ സാധ്യമായിയെന്നു വരില്ല. ഈ മാറ്റങ്ങൾ നടപ്പിലാക്കുകയും നികുതി പാക്കേജ് 1.1 ബില്യൺ യൂറോ ആയി തുടരുകയും ചെയ്താൽ, ഇടത്തരം വരുമാനക്കാർക്ക് അവരുടെ വാർഷിക വരുമാനത്തിൽ ഏകദേശം 800 യൂറോയുടെ വർദ്ധനവ് കാണാൻ കഴിയും.
യുഎസ്‌സിയിലെ വെട്ടിക്കുറവുകൾ
ബജറ്റിൽ ഒരു വ്യതിരിക്തമായ ഫിയാന ഫെയ്ൽ സ്വാധീനം സ്ഥാപിക്കുന്നതിനായി, മന്ത്രി മഗ്രാത്തും ടാനൈസ്റ്റെ മൈക്കൽ മാർട്ടിനും സാർവത്രികമായി ഇഷ്ടപ്പെടാത്ത യൂണിവേഴ്സൽ സോഷ്യൽ ചാർജ് (USC) കുറക്കുന്നതായുള്ള സൂചന നൽകി. പ്രധാനമായും ഉയർന്ന വരുമാനക്കാർക്ക് പ്രയോജനം ചെയ്യുന്ന 40% നികുതി നിരക്കിലെ ക്രമീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, യുഎസ്‌സിയിലെ വെട്ടിക്കുറവുകൾ മിക്ക തൊഴിലാളികൾക്കും ആശ്വാസം നൽകും. സമീപകാല ബജറ്റുകളിൽ മുമ്പ് വരുത്തിയ നിരവധി കുറവുകളെ തുടർന്നാണ് ഈ നീക്കം.
വാടക നികുതി ക്രെഡിറ്റ്
2023-ലെ ബജറ്റിൽ, 2022-ലും 2023-ലും വാടക താമസക്കാർക്കായി സർക്കാർ 500 യൂറോ വാടക നികുതി ക്രെഡിറ്റ് അവതരിപ്പിച്ചിരുന്നു. 2025 വരെ പ്രാബല്യത്തിൽ ഉള്ള ഈ ക്രെഡിറ്റ് ഉയർത്താനുള്ള നിർദേശങ്ങൾ പല കോണിൽ നിന്നുമുയരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് ഇത് ഇരട്ടിയാക്കാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഹൗസിങ് മന്ത്രി ഡാരാഗ് ഒബ്രിയനും സമാനമായ വർദ്ധനവ് പിന്തുടരുന്നതായാണ് റിപ്പോർട്ട്.
സാമൂഹ്യക്ഷേമ പേയ്‌മെന്റുകൾ
കഴിഞ്ഞ വർഷം സാമൂഹ്യക്ഷേമ പേയ്‌മെന്റുകളിൽ 12 യൂറോ വർദ്ധിപ്പിച്ചതിന് അനുബന്ധമായി ഗുണഭോക്താക്കൾ ഈ വർഷവും സമാനമായ വർദ്ധനവ് ഉണ്ടായേക്കാം. ഗുണഭോക്താക്കൾ ആഴ്ചയിൽ 20 യൂറോ വരെ വർദ്ധനവ് നടപ്പിലാക്കാൻ കഴിയുമെന്ന് ഒരു പ്രതീക്ഷിക്കുന്നു. കൂടാതെ, പരമ്പരാഗത “ക്രിസ്മസ് ബോണസ്” ഈ വർഷം സാധാരണപോലെ വിതരണം ചെയ്യപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.