പാകിസ്താന്റെ 24-ാമത്തെ പ്രധാനമന്ത്രിയായി പി.എം.എല്‍.-എന്‍ അധ്യക്ഷന്‍ ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാംതവണയാണ് 72കാരനായ ശഹബാസ് പ്രധാനമന്ത്രിയാകുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ 201 വോട്ടുകളാണ് ഷഹബാസിന് ലഭിച്ചത്.
മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തഹ്‍രീകെ ഇൻസാഫിന്റെ പിന്തുണയുള്ള ഇത്തിഹാദ് കൗൺസിൽ സ്ഥാനാർഥി ഉമർ അയ്യൂബ് ഖാൻ ആയിരുന്നു എതിർസ്ഥാനാർഥി.
പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 265 സീറ്റുകളിൽ പി.ടി.ഐയുടെ പിന്തുണയേകിയവർക്ക് 93 ഉം നവാസ് ശരീഫിന്റെ പാകിസ്താൻ മുസ്‍ലിം ലീഗിന് 80 ഉം സീറ്റുകളാണ് ലഭിച്ചത്. മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പി.പി.പി.യുടേതടക്കം ആറോളം കക്ഷികളുടെ പിന്തുണ ഷഹബാസിനുണ്ടായിരുന്നു. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷഹബാസ്.
വേഗത്തില്‍ നീതി ലഭ്യമാക്കുന്ന സംവിധാനം തന്റെ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷഹബാസ് പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തില്‍ താഴെ തടവുശിക്ഷ ലഭിച്ചിട്ടുള്ള സ്ത്രീകളെയും കുട്ടികളെയും ജയില്‍ മോചിതരാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ദേശീയ അസംബ്ലിയുടെ ചെലവിന് പോലും കടംവാങ്ങേണ്ടി വരുന്ന ഭയനാകരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താന്‍ പോയികൊണ്ടിരിക്കുന്നത്. ആഴത്തിലുള്ള ശസ്ത്രക്രിയ നടത്തി വന്‍പരിഷ്‌കരണത്തിനാണ് തന്റെ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും ഷഹബാസ് പറഞ്ഞു.