ഇസ്‌ലാമാബാദ്: പഹൽഗാം വിഷയത്തിൽ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുർക്കിയുടെ സൈനിക വിമാനങ്ങൾ പാക്കിസ്‌ഥാനിൽ എത്തിയതായി റിപ്പോർട്. തുർക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെർക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാക്കിസ്‌ഥാനിലെത്തിയത്.
പടക്കോപ്പുകൾ, ആയുധങ്ങൾ, ഡ്രോണുകൾ, ഇലക്‌ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, ടാങ്ക് വേധ മിസൈലുകൾ തുടങ്ങിയവ പാക്കിസ്‌ഥാനിൽ എത്തിച്ചതായാണ് റിപ്പോർട്ടുകൾ. പാക്ക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്.
പാക്കിസ്‌ഥാനും തുർക്കിയും തമ്മിൽ പ്രതിരോധ സഹകരണമുണ്ട്. തുർക്കിയുടെ ബെയ്‌റാക്‌തർ ഡ്രോണുകൾ പാക്കിസ്‌ഥാൻ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. പാക്കിസ്‌ഥാനിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ആറ് ഹെർക്കുലീസ് സി- 130 വിമാനങ്ങളാണ് കറാച്ചിയിലിറങ്ങിയത്. ബെയ്‌റാക്‌തറിന് പുറമെ തുർക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യുനിഷനുകളും പാക്കിസ്‌ഥാൻ വാങ്ങിയെന്നാണ് സംശയം.
ഇതിന് പുറമെ പാക്കിസ്‌ഥാന് ചൈന ദീർഘദൂര മിസൈലുകൾ എത്തിച്ചതായും സംശയങ്ങളുണ്ട്. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ് പാക്കിസ്‌ഥാൻ എന്ന സംശയം ബലപ്പെടുകയാണ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച ഇന്ന് നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുക്കും.