മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2376 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. തായ്‌ലൻഡിൽ പത്തുപേർ മരിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ, മ്യാൻമറിൽ ഇന്നലെ രാത്രിയും ഭൂചലനം അനുഭവപ്പെട്ടു. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാശനഷ്‌ടമില്ല. മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ തലവൻ മിൻ ഓങ് ലെയ്ങ് പരിക്കേറ്റവരെ ആശുപത്രികളിലെത്തി സന്ദർശിച്ചു. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നാണ് 10 മരണം.
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഉച്ചയ്‌ക്ക് 12.50ന് മ്യാൻമറിലുണ്ടായത്. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മ്യാൻമറിലെ സാഗെയിങ് നഗരത്തിന് സമീപത്തായിരുന്നു പ്രഭവകേന്ദ്രം. ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാൻമർ സ്‌ഥിതി ചെയുന്നത്.
അതേസമയം, ഭൂകമ്പം തകർത്ത മ്യാൻമറിനായി ലോകരാഷ്‌ട്രങ്ങൾ കൈകോർത്തു. ഇന്ത്യ 15 ടൺ ദുരിതാശ്വാസ വസ്‌തുക്കൾ മ്യാൻമറിലേക്ക് അയച്ചു. ടെന്റുകളും സ്ളീപ്പിങ് ബാഗുകളും പുതപ്പുകളും ഭക്ഷണ സാധനങ്ങളും മരുന്നുകളും ഉൾപ്പടെയുള്ള സാധനങ്ങളുമായി ഇന്ത്യൻ വ്യോമസേനാ വിമാനം മ്യാൻമറിലേക്ക് പുറപ്പെട്ടു.
മ്യാൻമറിനെ സഹായിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും വ്യക്‌തമാക്കി. ചൈനയും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. ദുരന്തത്തിൽ മ്യാൻമറിനൊപ്പം നിൽക്കുന്നതായി ജപ്പാൻ പ്രധാനമന്ത്രിയും വ്യക്‌തമാക്കി.