ടോക്കിയോ: ജപ്പാനിൽ അത്യപൂർവ ബാക്റ്റീരിയ പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ ജീവഹാനിക്കു കാരണമാകുന്ന ബാക്റ്റീരിയയാണ് പരിഭ്രാന്തി സൃഷ്ടിക്കുന്നത്.ബാക്റ്റീരിയ ബാധിക്കുന്നതു മൂലം സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം എന്ന അസുഖം ബാധിക്കും. ഈ വർഷം ജൂൺ 2 വരെ 977 കേസുകളാണ് ജപ്പാനിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2022ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികളിൽ ഇതു മൂലം തൊണ്ടയിടർച്ച, തൊണ്ട വീക്കം എന്നിവയുണ്ടായേക്കാം.
രോഗം പിടിപെട്ട് ആദ്യ 24-48 മണിക്കൂറിനുള്ളില്‍ രക്തസമ്മര്‍ദം വളരെ താഴ്ന്ന നിലയിലേക്ക് എത്തും. ഇതോടെയാണ് രോഗം കൂടുതല്‍ ഗുരുതരമാകുന്നത്. പിന്നീട് അവയവങ്ങള്‍ തകരാറിലാകും. രോഗം നിയന്ത്രിക്കുന്നതിന് അണുബാധയുള്ള കോശങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യേണ്ട അവസ്ഥ ഉണ്ടാകും. എങ്കിലും ചികിത്സ നല്‍കിയാലും അണുബാധ ഉണ്ടായ 10 പേരില്‍ മൂന്ന് പേര്‍ മരണപ്പെടാന്‍ സാധ്യതയുണ്ട്.
30 ശതമാനം മരണനിരക്കാണ് ഈ രോഗത്തിനു കണക്കാക്കുന്നത്. അതേസമയം കൊവിഡ് ബാധിച്ചാല്‍ 1% മുതല്‍ 4% വരെ മരണനിരക്ക് കണക്കാക്കുന്നു.രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് 15 ശതമാനം വരെയാകുകയുള്ളു. ഇതിന്റെ ഇരട്ടിയാണ് സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക് സിന്‍ഡ്രോം (എസ്ടിഎസ്എസ്) എന്ന രോഗം ബാധിച്ചാലുണ്ടാകുന്ന മരണനിരക്ക്.
കൊവിഡ് വൈറസിന് സമാനമായി വായുവിലൂടെയും ശാരീരിക സമ്പര്‍ക്കത്തിലൂടെയുമാണ് സ്‌ട്രെപ്‌റ്റോകോക്കല്‍ അണുബാധ മറ്റുള്ളവരിലേക്ക് പടരുന്നത്.
രോഗലക്ഷണങ്ങള്‍
- പനി
- പേശി വലിവ്
- ശരീര വേദന
- ഛര്‍ദ്ദി
പ്രതിരോധ മാര്‍ഗങ്ങള്‍
- വ്യക്തിശുചിത്വം പാലിക്കണം.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടൗവല്‍ കൊണ്ട് മുഖം പൊത്തിപിടിക്കുക
- ഇടയ്ക്കിടെ സോപ്പു ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ കഴുകുക
- സാമൂഹിക അകലം പാലിക്കുക
- മുറികളിലും മറ്റും ഡോക്ടറുടെ നിര്‍ദേശപ്രകാരം ബാന്‍ഡേജ് ഉപയോഗിക്കുക.
ജീവിതശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി കൊവിഡ് കാലത്ത് എങ്ങനെയാണോ ജീവിച്ചിരുന്നത് അതിന് സമാനമായി ശുചിത്വ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്കു നല്‍കിയ നിര്‍ദേശം.