ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലുടനീളം നടത്തിയ പേജർ സ്ഫോടന പരമ്പരകൾക്ക് അനുമതി നൽകിയിരുന്നെന്ന് സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സെപ്തംബറിലുണ്ടായ പേജർ ആക്രമണങ്ങളിൽ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായുണ്ടാകുന്ന ആദ്യ ഏറ്റുപറച്ചിലാണിത്.
മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതൃത്വത്തിന്റേയും എതിർപ്പ് മറികടന്നായിരുന്നു ഹിസ്ബുള്ള നേതാവ് ഹസൻ നസറുള്ളയേയും സംഘടനയേയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് നെതന്യാഹു കാബിനറ്റിൽ അറിയിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് തെറ്റായ ഇന്റലിജൻസ് വിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണത്തിന്മേൽ ഇസ്രയേൽ സർക്കാർ ക്രിമിനൽ അന്വേഷണം നേരിടുന്നതിനിടെയാണ് നെതന്യാഹു പേജർ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തത്.
സെപ്റ്റംബർ 17നും 18നുമായാണ് ലെബനന്റേയും സിറിയയുടേയും വിവിധ ഭാഗങ്ങളിൽ ഒരേസമയം പേജറുകൾ പൊട്ടിത്തെറിച്ചത്. 30 മിനിറ്റിനകമാണ് ആയിരക്കണക്കിന് പേജറുകളുടെ പൊട്ടിത്തെറിയുണ്ടായത്. 40 പേർ മരിക്കുകയും മൂവായിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പേജർ സ്ഫോടനത്തിന് പിന്നാലെ ഇസ്രയേൽ സൈന്യം ലെബനനിൽ യുദ്ധത്തിനും തുടക്കമിട്ടു.
ഇസ്രയേലിന്റെ ലൊക്കേഷൻ ട്രാക്കിങ് മറികടക്കാനായാണ് മൊബൈലിന് പകരം ആശയവിനിമയത്തിനായി ഹിസ്ബുള്ള പേജറിനെ ആശ്രയിച്ചിരുന്നത്. ജിപിഎസ് സംവിധാനം, മൈക്രോഫോൺ, ക്യാമറ എന്നിവയൊന്നുമില്ലാതെയാണ് പേജറുകൾ ഉപയോഗിച്ചിരുന്നത്. ഹമാസ് നേതാവ് യഹ്യ അയ്യാഷിനെ ഇസ്രയേൽ മൊബൈൽ സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഹിസ്ബുള്ള പേജറിനെ ആശ്രയിച്ച് തുടങ്ങിയത്.
പേജർ ആക്രമണം ‘മനുഷ്യരാശിക്കെതിരായ ക്രൂരമായ യുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹിസ്ബുള്ള ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നൽകിയിരുന്നു. മനുഷ്യകുലത്തിലും സാങ്കേതികവിദ്യക്കും തൊഴിലിനും എതിരെ ഇസ്രായേൽ യുദ്ധം നടത്തുകയാണെന്നായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ തുറന്നുപറച്ചിൽ.