ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു
തെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത് ഇസ്രായേൽ ആക്രമണത്തിൽ ഏഴ് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. ഇതോടെ ആശുപത്രി അടച്ചുപൂട്ടി. ഇസ്രയേൽ ആക്രമണത്തിൽ നിരവധി ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം എത്രയെന്ന വിവരം പുറത്തുവന്നിട്ടില്ല.
ഭയം കാരണം പ്രദേശത്തെ ആംബുലൻസ് ജീവനക്കാർ സർവീസ് നിർത്തിവെച്ചതോടെ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാനാവാത്ത സാഹചര്യമാണെന്ന് മർജയൂൺ ആശുപത്രി ഡയറക്ടർ പറഞ്ഞു. ഒരു മുന്നറിയിപ്പും നൽകാതെയാണ് ഇസ്രയേൽ ആശുപത്രികൾക്ക് നേരെ ആക്രമണം നടത്തിയതെന്നും പരാതിയുണ്ട്. ഇസ്രയേൽ യുദ്ധക്കുറ്റം ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രി ഫിറാസ് അബിയാദ് വിമർശിച്ചു. അതേസമയം ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആക്രമണത്തിന് പിന്നാലെ പല ആശുപത്രികളും അടച്ചുപൂട്ടി. ജീവനക്കാരെ സംരക്ഷിക്കേണ്ടതുണ്ട് എന്നാണ് ആശുപത്രി ഡയറക്ടർമാർ അറിയിച്ചത്. മർജയൂൺ സർക്കാർ ആശുപത്രി, സലാ ഘണ്ടൂർ ആശുപത്രി തുടങ്ങിയവയാണ് ഇതിനകം അടച്ചുപൂട്ടിയത്. പലയിടങ്ങളിലും വൈദ്യുതിയില്ലാത്തതും ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
ലെബനനിൽ യുദ്ധം ആരംഭിച്ചതിനുശേഷം രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു. 9,535 ലധികം പേർക്ക് പരിക്കേറ്റു. സെപ്തംബർ 23 ന് ശേഷമുള്ള കണക്കാണിത്. ലെബനനിൽ ഗുരുതരമായ പലായന പ്രതിസന്ധിയെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ അഭയം തേടി തെക്കൻ മേഖലയിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു പോവുകയാണ്.