ടിപ്പററി: കൗണ്ടി ടിപ്പററിയിൽ 80 വയസ്സുള്ള ഒരാൾക്ക് നേരെ ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമറിക്കിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
സംഭവം വെള്ളിയാഴ്ച രാത്രി 9.35-ഓടെ ടിപ്പററി ടൗണിലെ സെന്റ് മൈക്കിൾസ് അവന്യൂവിലാണ് നടന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ഗാർഡൈ (Gardaí – ഐറിഷ് പോലീസ്) ദൃക്‌സാക്ഷികൾക്കായി അപ്പീൽ നൽകി.
വെള്ളിയാഴ്ച രാത്രി 7 മണിക്കും 10 മണിക്കും ഇടയിൽ സെന്റ് മൈക്കിൾസ് അവന്യൂ പ്രദേശത്തുണ്ടായിരുന്നവരോട് മുന്നോട്ട് വരാൻ പോലീസ് ആവശ്യപ്പെട്ടു. കൂടാതെ, ഡാഷ്-ക്യാം ഉൾപ്പെടെയുള്ള വീഡിയോ ക്യാമറ ഫൂട്ടേജ് കൈവശമുള്ളവരുണ്ടെങ്കിൽ അത് കൈമാറണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ടിപ്പററി ടൗൺ ഗാർഡാ സ്റ്റേഷനിൽ 062 80670 എന്ന നമ്പറിലോ, ഗാർഡാ കോൺഫിഡൻഷ്യൽ ലൈനിലെ 1800 666 111 എന്ന നമ്പറിലോ, അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ഗാർഡാ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.