ബോൾട്ടൻ, യുകെ: യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ബോൾട്ടൻ മലയാളി അസോസിയേഷൻ (ബിഎംഎ), ഈ വർഷത്തെ ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ എന്ന പേരിൽ സെപ്റ്റംബർ 27ന് വിപുലമായ പരിപാടികളോടെ നടത്തുന്നു. ബോൾട്ടൻ ഫാൻവർത്തിലെ ട്രിനിറ്റി ചർച്ച് ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ഓണാഘോഷ പരിപാടികൾ അരങ്ങേറുക.
‘ചിങ്ങനിലാവ് കോമഡി ആൻഡ് മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ’യാണ് ഇത്തവണത്തെ ഓണാഘോഷത്തിൻ്റെ പ്രധാന ആകർഷണം. പ്രശസ്ത കലാകാരൻ കലാഭവൻ ദിലീപും പിന്നണി ഗാനരംഗത്തെ പ്രമുഖരും ചേർന്നാണ് ഈ സംഗീത, ഹാസ്യ വിരുന്ന് അവതരിപ്പിക്കുന്നത്. ബിഎംഎയിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളോടെയാണ് രാവിലെ 10 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കമാവുക. തുടർന്ന്, കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര, ബിഎംഎ നൃത്ത ക്ലാസ്സിലെ കുട്ടികളുടെ സിനിമാറ്റിക് ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
ഓണാഘോഷത്തിൻ്റെ പ്രധാന ചടങ്ങുകളിലൊന്നായ മാവേലി മന്നൻ്റെ എഴുന്നള്ളത്ത് താലപ്പൊലിയുടേയും ആർപ്പുവിളികളുടേയും അകമ്പടിയോടെ നടത്തും. അതിനുശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഭക്ഷണത്തിൻ്റെയും മറ്റ് ക്രമീകരണങ്ങളുടെയും സൗകര്യാർത്ഥം മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരാൾക്ക് 15 പൗണ്ടാണ് പ്രവേശന ഫീസ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
ബിഎംഎ സ്പോർട്സ് ഡേ സെപ്റ്റംബർ 20-ന്
‘ചിങ്ങനിലാവ് 2025’ന് മുന്നോടിയായി, ബിഎംഎയുടെ വാർഷിക കായികമേള ‘സ്പോർട്സ് ഡേ’ സെപ്റ്റംബർ 20, ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ബോൾട്ടനിലെ ആംബ്ലെകോട്ട് പ്ലേയിംഗ് ഫീൽഡ്സിലാണ് (Amblecote Playing Fields, Amblecote Dr W, Little Hulton M38 9UG) മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ പ്രായ വിഭാഗങ്ങളിലായി നിരവധി കായിക മത്സരങ്ങൾ നടക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പറുകൾ:
- ഷൈനു ക്ലെയർ മാത്യൂസ് (പ്രസിഡന്റ്): 07872514619
- റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): 07776646163
- ടോം ജോസഫ് (സ്പോർട്സ് കോഓർഡിനേറ്റർ, ട്രഷറർ): 07862380730
- ജിസി സോണി (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ): 07789680443