ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട ഫ്ലോട്ടില്ലയിലെ ഒരു കപ്പലിന് നേരെ തിങ്കളാഴ്ച രാത്രി തുനീഷ്യൻ തീരത്ത് വെച്ച് ഡ്രോൺ ആക്രമണമുണ്ടായതായി സംഘാടകർ ആരോപിച്ചു. ആക്രമണത്തിൽ ആളപായമില്ല. സംഭവത്തെക്കുറിച്ച് ആക്ടിവിസ്റ്റുകളുടെയും തുനീഷ്യൻ അധികൃതരുടെയും പ്രസ്താവനകളിൽ വൈരുധ്യമുണ്ട്.
ഇസ്രായേലിന്റെ ഗസ്സ ഉപരോധം ഭേദിക്കാൻ ലക്ഷ്യമിട്ടുള്ള ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല (GSF), തങ്ങളുടെ പ്രധാന കപ്പലായ “ഫാമിലി ബോട്ടിന്” നേരെ സിദി ബൗ സെദ് തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരിക്കെയാണ് ഡ്രോൺ ആക്രമണം ഉണ്ടായതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും സംഘം പുറത്തുവിട്ടിട്ടുണ്ട്. കപ്പലിന്റെ ഡെക്കിലേക്ക് തീപിടിച്ച ഒരു വസ്തു വീഴുന്നതും തുടർന്നുണ്ടായ തീ കപ്പൽ ജീവനക്കാർ ഉടൻ കെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. കപ്പലിലുണ്ടായിരുന്ന പോർച്ചുഗീസ് ആക്ടിവിസ്റ്റായ മിഗ്വൽ ഡ്യുവാർട്ടെ, താൻ നാല് മീറ്റർ മുകളിലായി ഒരു ഡ്രോൺ കണ്ടുവെന്നും അത് “ബോംബ്” പോലുള്ള ഒരു വസ്തു താഴേക്കിട്ടുവെന്നും അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്നാണ് GSF ആരോപിക്കുന്നത്.
എന്നാൽ, ഡ്രോൺ ആക്രമണം നടന്നെന്ന ആരോപണം തുനീഷ്യൻ അധികൃതർ നിഷേധിച്ചു. ഡ്രോണുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് തുനീഷ്യൻ നാഷണൽ ഗാർഡ് വക്താവ് ഹൗസെം എഡ്ഡിൻ ജെബാബ്ലി അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ, സിഗരറ്റ് ലൈറ്റർ പോലെയുള്ള എന്തെങ്കിലും വസ്തുവിൽ നിന്ന് ലൈഫ് ജാക്കറ്റുകൾക്ക് തീപിടിച്ചതാകാം അപകടകാരണമെന്ന് അധികൃതർ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും അവർ വ്യക്തമാക്കി.
ആക്രമണമുണ്ടായിട്ടും തങ്ങളുടെ ദൗത്യത്തിൽ നിന്ന് പിന്മാറില്ലെന്ന് സംഘാടകർ അറിയിച്ചു. പ്രമുഖ കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗ്, യു.എൻ. പലസ്തീൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബാനീസ് എന്നിവർ പങ്കാളികളായ സംഘം ഗസ്സയിലേക്കുള്ള യാത്ര തുടരാൻ ഒരുങ്ങുകയാണ്. ഈ വർഷം സമാനമായ രണ്ട് കപ്പൽ ദൗത്യങ്ങൾ ഇസ്രായേൽ തടഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം.